Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാന നൊബേൽ പുരസ്കാര പ്രഖ്യാപനം ഇന്ന്; ഗാന്ധിജിക്ക് എന്തുകൊണ്ട് കിട്ടിയില്ല?

mahatma-gandhi

ഒന്നും രണ്ടുമല്ല, അഞ്ചു തവണ നൊബേൽ നാമനിർദേശം ലഭിച്ചിട്ടും പുരസ്കാരം കിട്ടാതെ പോയ മഹാത്മാവ്. സമാധാന നൊബേൽ ജേതാക്കളുടെ പട്ടികയിൽ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയനായ ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികാഘോഷങ്ങൾക്കു തുടക്കമായിരിക്കെ, ലഭിക്കാതെ പോയ ആ നൊബേൽ വീണ്ടും ചർച്ചയാകുന്നു.

ബ്രിട്ടനുമായുള്ള നല്ല ബന്ധം വെറുതെ കളഞ്ഞുകുളിക്കണ്ടെന്നു കരുതിയാണു നോർവെയിലെ പുരസ്കാരനിർണയ സമിതി ഗാന്ധിജിയെ ഒഴിവാക്കിയതെന്നു വിഖ്യാത ചരിത്രകാൻ രാമചന്ദ്ര ഗുഹ ‘ഗാന്ധി– ദി ഇയേഴ്സ് ദാറ്റ് ചേഞ്ച്ഡ് ദ് വേൾഡ്’ എന്ന പുസ്തകത്തിൽ എഴുതുന്നു. അങ്ങനെയൊരു ആശങ്ക നോർവേയിലെ സമിതിക്ക് ഉണ്ടായിരുന്നുവെന്നതിനു രേഖകളില്ലെന്നു നൊബേൽ ഫൗണ്ടേഷൻ വാദിക്കുന്നു.

1925ലെ നൊബേൽ സമ്മാനം ബർനാഡ് ഷായ്ക്കു നൽകിയപ്പോൾ ‘നൊബേൽ സമ്മാനം’ എന്ന പേരിൽ മുഖപ്രസംഗമെഴുതിയ (1926 നവംബർ 16) മലയാള മനോരമ അതിനു തൊട്ടുമു‍ൻപുള്ള വർഷം ഗാന്ധിജിയെ അവഗണിച്ചതിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഗാന്ധിയൻ ആശയങ്ങൾക്കൊപ്പമുള്ള ദലൈ ലാമയ്ക്കു 1989ലെ സമാധാന നൊബേൽ പുരസ്കാരം നൽകുമ്പോൾ നൊബേൽ സമിതി അധ്യക്ഷൻ തെല്ലൊരു കുറ്റബോധത്തോടെ പറഞ്ഞു: ഇത് മഹാത്മ ഗാന്ധിക്കുള്ള ആദരം കൂടിയാണ്. 

സത്യത്തിൽ എന്താണു സംഭവിച്ചത്?

മോഹൻദാസ് കരംചന്ദ് ഗാന്ധിക്കു സമാധാന നൊബേൽ നാമനിർദേശം ലഭിച്ചത് 1937, 1938, 1939, 1947,1948 വർഷങ്ങളിൽ. 1937ൽ നോർവെ പാർലമെന്റിലെ അംഗമായ ഒലെ കോൾബ്ജോൻസനാണ് ആദ്യമായി ഗാന്ധിജിയുടെ പേരു നിർദേശിച്ചത്. അന്നു ചുരുക്കപ്പട്ടികയിൽ ഇടം നേടി. നൊബേൽ സമിതി ഉപദേഷ്ടാവായിരുന്ന പ്രഫസർ ജേക്കബ് വോംമുള്ളർ ഗാന്ധിയെക്കുറിച്ചു റിപ്പോർട്ടു തയാറാക്കിയതു പക്ഷേ വിമർശനബുദ്ധിയോടെയായിരുന്നു. 1938ലും 1939ലും കോൾബ്ജോൻസൻ വീണ്ടും ഗാന്ധിജിയുടെ പേരു നിർദേശിച്ചെങ്കിലും ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത് 1947ൽ.

1948ൽ, മൂന്നാം തവണയും ഗാന്ധിജി ചുരുക്കപ്പട്ടികയിൽ. 1948ലെ നൊബേൽ നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതിക്കു രണ്ടു ദിവസം മുൻപ്, ജനുവരി 30നു ഗാന്ധിജി വെടിയേറ്റു മരിച്ചു. മരണാനന്തരം നൊബേൽ നൽകാറില്ലെങ്കിലും അങ്ങനെ നൽകേണ്ടിവന്നാലുള്ള വ്യവസ്ഥകളനുസരിച്ചുതന്നെ പുരസ്കാരം നൽകാവുന്നതായിരുന്നു. പക്ഷേ ഗാന്ധിജിക്കു കിട്ടിയില്ലെന്നു മാത്രല്ല, ആ വർഷം സമാധാന നൊബേൽ തന്നെ പ്രഖ്യാപിച്ചില്ല. അതിനു നൊബേൽ സമിതി പറഞ്ഞ കാരണം കൗതുകകരമാണ്: പുരസ്കാരയോഗ്യതയുള്ള, ജീവിച്ചിരിക്കുന്നവരാരുമില്ല! അതായത്, സമ്മാനം കിട്ടാതെ പോയ ആ ജേതാവ് ഗാന്ധിജി തന്നെയായിരുന്നിരിക്കണം.

1947 ൽ ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതുൾപ്പെടെയുള്ള ചില സംഭവവികാസങ്ങളാണു പുരസ്കാരം നിഷേധിക്കപ്പെട്ടതിനു പിന്നിലെ കാരണങ്ങളെന്നു നൊബേൽ ഫൗണ്ടേഷൻ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ അതിനു മുൻപും നാമനിർദേശം ചെയ്യപ്പെട്ടിരുന്നല്ലോ. അപ്പോൾ രാമചന്ദ്ര ഗുഹ മുന്നോട്ടു വയ്ക്കുന്ന വാദം തന്നെയാണു കൂടുതൽ വിശ്വസനീയം – ഗാന്ധിജിക്കു നൊബേൽ കൊടുത്ത്, അന്ന് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടനെ പിണക്കാൻ നോർവെയ്ക്ക് താൽപര്യമില്ലായിരുന്നിരിക്കാം.