Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഖ്യാപന ദിവസം തന്നെ പ്രമുഖർ കളത്തിൽ യുദ്ധം പൊടിപാറും

Madhya Pradesh Congress campaign

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രഖ്യാപന ദിവസം തന്നെ ഉന്നത നേതാക്കൾ കളത്തിൽ; വരാനിരിക്കുന്ന തിരഞ്ഞെടുപ്പു യുദ്ധം രൂക്ഷമാകുമെന്ന് ഉറപ്പ്!. രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മധ്യപ്രദേശിൽ കോ‍ൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപി അധ്യക്ഷൻ അമിത് ഷായും രംഗത്തിറങ്ങി.

മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ നർമദ നദിക്ക് ആരതിയുഴിഞ്ഞു രാഹുൽഗാന്ധി എട്ടു കിലോമീറ്റർ റോഡ് ഷോ നടത്തി. പതിനായിരങ്ങൾ പങ്കെടുത്ത റോഡ് ഷോയുടെ പാതയിലെമ്പാടും രാഹുലിനെ നർമദഭക്തനെന്നു വാഴ്ത്തുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഭൂമിയിലുള്ള അവകാശം ആവശ്യപ്പെട്ട് ആദിവാസി ഏക്താ പരിഷത്ത് ആരംഭിച്ച കർഷകപദയാത്രയ്ക്കു രാഹുൽ പിന്തുണ പ്രഖ്യാപിച്ചു. 15 വ്യവസായികൾക്കു വേണ്ടിയാണു മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും നാലരക്കൊല്ലം കൊണ്ടു മൂന്നു ലക്ഷം കോടിയുടെ വായ്പാ ഇളവാണ് ഇവർക്കു ലഭിച്ചതെന്നും ആരോപിച്ചു.

അധികാരത്തിലെത്തിയാൽ കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്നു രാഹുൽ ആവർത്തിച്ചു. ബിജെപിയുടെ ജനസമ്പർക്ക പരിപാടി ഇൻഡോറിൽ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാലര വർഷത്തെ പ്രകടനം ചോദ്യം ചെയ്യുന്നതിനു മുൻപ് തന്റെ കുടുംബം നാലു തലമുറയായി ചെയ്ത സേവനത്തെ കുറിച്ചാണു രാഹുൽ വ്യക്തമാക്കേണ്ടതെന്നു അമിത് ഷാ ആവശ്യപ്പെട്ടു. ആദിവാസി സമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. രാജ്വാഡയിലെ പ്രശസ്തമായ പാൻ ഷോപ്പിൽ നിന്നു വെറ്റില സ്വീകരിച്ച് അമിത്ഷാ കൃഷ്ണപുര ചത്രി വരെ റാലി നടത്തി.

കോൺഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി

Narendra Modi in Rajasthan

ജയ്പുർ ∙ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപ് രാജസ്ഥാനിലെ അജ്‌മേറിൽ നടത്തിയ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെയും നെഹ്റു കുടുംബത്തേയും കടന്നാക്രമിച്ചു. മുഖ്യമന്ത്രി വസുന്ധര രാജെയുടെ രാജസ്ഥാൻ ഗൗരവ് യാത്രയ്ക്കു സമാപനം കുറിച്ചു നടത്തിയ വിജയ് സങ്കൽപ് റാലിയിലായിരുന്നു മോദിയുടെ പ്രസംഗം. ഭരണത്തിൽ 60 കൊല്ലം പരാജയമായ കോൺഗ്രസ് പ്രതിപക്ഷമെന്ന നിലയിലും പരാജയം തെളിയിച്ചിരിക്കുകയാണ്. ഒരു കുടുംബത്തെ സേവിക്കുകയെന്നതാണു കോൺഗ്രസ് പ്രവർത്തനരീതി. രാജ്യം അഭിമാനത്തോടെ കാണുന്ന സർജിക്കൽ സ്ട്രൈക്കിനെ വരെ അവർ സംശയിക്കുകയാണെന്നു മോദി കുറ്റപ്പെടുത്തി.

അധികാരത്തിലേറാൻ ഭിന്നിപ്പിന്റെ രാഷ്ട്രീയമാണു കോൺഗ്രസ് കളിക്കുന്നത്. ഇതുമൂലം ഉദ്യോഗസ്ഥതലത്തിലും ഭിന്നിപ്പുണ്ടാവുന്നു. ജനോപകാര നടപടികൾ താഴേത്തട്ടിലേക്ക് എത്താതിരിക്കാൻ ഇതു കാരണമായി. 60 വർഷംകൊണ്ടു കോൺഗ്രസ് വളർത്തിയെടുത്ത രീതിയാണിത്. അതിനാൽ ഇനിയും കോൺഗ്രസിനെ അധികാരത്തിലേറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. '