Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി കടം തള്ളുക കർഷകർക്കല്ല, വമ്പന്മാർക്കു മാത്രം: രാഹുൽ

rahul-hands രാജസ്ഥാനിലെ ധോൽപൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രവർത്തകർക്കൊപ്പം.

ജയ്പുർ ∙ ഇരുപതോളം വൻകിട സ്ഥാപനങ്ങൾക്കായി 3 ലക്ഷം കോടി രൂപയുടെ കടം ഇളവു ചെയ്തുകൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷക കടം എഴുതിത്തള്ളാൻ മാത്രമാണു മടി കാണിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ തട്ടകമായ ധോൽപുരിൽനിന്ന് ആരംഭിച്ച റോഡ് ഷോയിലൂടെ രാഹുൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പു പോരാട്ടത്തിനു കൊടിയേറ്റി. യുപിഎ സർക്കാർ ജനത്തിനു തൊഴിലുറപ്പു പദ്ധതിയും 70,000 കോടി രൂപയുടെ കാർഷിക കടാശ്വാസവും കുട്ടികൾക്ക് ഭക്ഷണവും അരിയും നൽകിയെന്നു രാഹുൽ പറഞ്ഞു.

എന്നാലിപ്പോഴത്ത സർക്കാർ അത്യാവശ്യത്തിനു ബാങ്കുകളെ സമീപിക്കുന്ന കർഷകരെ കിട്ടാക്കടത്തിന്റെ പേരിൽ തിരിച്ചയയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് അര മണിക്കൂർ മുൻപാണ് വസുന്ധര രാജെ കർഷകർക്കു സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചത്; കഴിഞ്ഞ നാലര വർഷവും അവർ എവിടെയായിരുന്നു ? രാജസ്ഥാനിലും മധ്യപ്രദേശിലും യുപിയിലും നിന്നുമുള്ള യുവാക്കൾ ഗുജറാത്തിൽ ആക്രമിക്കപ്പെടുന്നു. തൊഴിൽ തരുമെന്ന മോദിയുടെ വാക്കുകൾ വിശ്വസിച്ച ജനം വഞ്ചിതരായി.

നോട്ട് നിരോധനം, ജിഎസ്ടി, റഫാൽ ഇടപാട് വിഷയങ്ങളിലും രൂക്ഷ വിമർശനമാണു നടത്തിയത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണു രാഹുൽ രാജസ്ഥാനിൽ എത്തുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷമുള്ള ആദ്യവരവ്. ധോൽപുർ, ഭരത്പുർ ജില്ലകളിലെ ആറു മണ്ഡലങ്ങളിലൂടെ ഇരുനൂറിലേറെ കിലോമീറ്റർ നീണ്ട റോഡ് ഷോ ദൗസയിൽ സമാപിച്ചു. ഇന്നു ജയ്പുരിൽ യൂത്ത് കോൺഗ്രസ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്ന രാഹുൽ വൈകിട്ടു ബിക്കാനേറിൽ റാലിയും നടത്തും.

related stories