Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നത്തെ വാഗ്ദാനപ്പെരുമഴ ജയം പ്രതീക്ഷിക്കാതെ: ഗഡ്കരി

Nitin Gadkari

മുംബൈ ∙ വിവാദ പരാമർശവുമായി ബിജെപിയെയും േകന്ദ്ര സർക്കാരിനെയും വെട്ടിലാക്കി പാർട്ടി മുൻ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി. 2014ൽ അധികാരത്തിൽ എത്തുമെന്നു ബിജെപി കരുതിയിരുന്നില്ലെന്നും അതിനാലാണു വാനോളം പ്രതീക്ഷ പകരുന്ന വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ പാർട്ടി നേതാക്കൾ വാരിവിതറിയതെന്നും ഗഡ്കരി പറഞ്ഞു. കഴിഞ്ഞ ദിവസം മറാഠി ചാനൽ പരിപാടിയുടെ ഭാഗമായുള്ള അഭിമുഖത്തിനിടെയാണു സ്വന്തം പാർട്ടിയെ വെട്ടിലാക്കിയ പരാമർശം.

‘ഇപ്പോൾ ആ വാഗ്ദാനങ്ങളെക്കുറിച്ചു ജനങ്ങൾ ചോദിക്കുമ്പോൾ ഓർത്തു ചിരിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ല. സത്യസന്ധരായ ആളുകൾക്കു രാഷ്ട്രീയത്തിൽ ശോഭിക്കാൻ ബുദ്ധിമുട്ടാണ്. മൽസരിക്കാൻ ടിക്കറ്റ് നൽകിയപ്പോൾ ഞങ്ങൾ സ്ഥാനാർഥികളുടെ സ്വഭാവമോ വ്യക്തിത്വമോ നോക്കിയില്ല. ജാതിക്കും ജയസാധ്യതയ്ക്കുമായിരുന്നു പരിഗണന.’ അഭിമുഖത്തിന്റെ വിഡിയോ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഗഡ്കരി പറഞ്ഞതു പൂർണമായും സത്യമാണെന്നും തങ്ങളുടെ വാദങ്ങൾ അദ്ദേഹം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ പ്രതികരിച്ചു.

പ്രസ്താവന വിവാദമായതോടെ നിഷേധവുമായി ഗഡ്‌കരി രംഗത്തെത്തി. ഇതു വ്യാജമാണ്. ഞാൻ 15 ലക്ഷത്തെക്കുറിച്ചോ മോദിജിയെക്കുറിച്ചോ ഒരു കാര്യവും പറഞ്ഞിട്ടില്ല. മറാഠിയിലുള്ള സംഭാഷണം രാഹുലിന് എങ്ങനെ മനസ്സിലായി – ഗഡ്കരി ചോദിച്ചു. ഇൻസെറ്റ് പ്രകടനപത്രികയൊക്കെ കോമഡിയല്ലേ..? തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ? തിരഞ്ഞെടുപ്പിൽ ഉയർത്തുന്ന കാര്യങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ല. – പെട്രോൾ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെക്കുറിച്ചുള്ള ചോദ്യത്തിനു സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള സെപ്റ്റംബർ 17നു പത്തനംതിട്ടയിൽ പറഞ്ഞത്