Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് പുതിയ മിസൈൽ; വെല്ലാൻ ഇന്ത്യൻ ഇന്റർസെപ്റ്റർ

pak–china–drone ചൈന പാക്കിസ്ഥാനു നൽകുന്ന ‘വിങ് ലൂങ് 2 ’ ഡ്രോൺ. ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രം.

ന്യൂഡൽഹി∙ വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാൻ റഷ്യയുമായി ഇന്ത്യ കരാറൊപ്പിട്ടതിനുപിന്നാലെ പാക്കിസ്ഥാനു 48 ഡ്രോണുകൾ വിൽക്കാൻ ചൈന തീരുമാനിച്ചു.  ‘വിങ് ലൂങ് 2’ എന്നു പേരുള്ള ഡ്രോൺ നിരീക്ഷണത്തിനും ആക്രമണത്തിനും ഉപയോഗിക്കാം. മധ്യദൂര ബാലിസ്റ്റിക് മിസൈൽ (ഗൗരി) ചൊവ്വാഴ്ച പാക്കിസ്ഥാൻ വിജയകരമായി പരീക്ഷിച്ചിരുന്നു. 1300 കിലോമീറ്റർ ദൂരപരിധിയുള്ള (ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിടാം), ആണവ പോർമുന വഹിക്കാൻ ശേഷിയുള്ളതാണു ഗൗരി മിസൈൽ. എന്നാൽ ഇതിനെ തകർക്കാൻ കെൽപുള്ളതാണ് ഇന്ത്യ വികസിപ്പിച്ച ഇന്റർസെപ്റ്റർ മിസൈലെന്നു പ്രതിരോധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 

ശത്രു മിസൈലിനെ തകർക്കാൻ കഴിയുന്ന ഇന്റർസെപ്റ്റർ മിസൈൽ സ്വന്തമായി വികസിപ്പിച്ച 5 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യുഎസ്, റഷ്യ, ഇസ്രയേൽ, ചൈന എന്നിവയാണു മറ്റുള്ളവ. പൃഥ്വി എയർ ഡിഫൻസ് (പിഎഡി), അഡ്വാൻസ്ഡ് എയർ ഡിഫൻസ് (എഎഡി) ഇന്റർസെപ്റ്റർ മിസൈലുകളുടെ പരീക്ഷണം വിജയകരമായി നടത്തിയ ഇന്ത്യ അവ ഉടൻ സേനയുടെ ഭാഗമാക്കും.  150 കിലോമീറ്റർ വരെ ഉയരത്തിൽ വച്ചു ശത്രു മിസൈലിനെ തകർക്കാൻ കെൽപുള്ളവയാണിവ.  അത്യാധുനിക റഡാർ, കംപ്യൂട്ടർ സംവിധാനം, ഇലക്ട്രോ മെക്കാനിക്കൽ ആക്ടിവേറ്റർ, മൊബൈൽ വിക്ഷേപണത്തറ എന്നിവയുൾപ്പെട്ടതാണു ഡിആർഡിഒ വികസിപ്പിച്ച ഇന്റർസെപ്റ്റർ. ഇന്ത്യയുടെ കരുത്തുറ്റ മിസൈലായ പൃഥ്വിയെ പരീക്ഷണഘട്ടത്തിൽ വിജയകരമായി തകർത്തിട്ടുണ്ട് ഇവ.  2 വർഷത്തിനകം എസ് 400ന്റെ ആദ്യ യൂണിറ്റ് റഷ്യയിൽ നിന്നെത്തുന്നതോടെ ഇന്ത്യയുടെ വ്യോമ സുരക്ഷാകവചം പൂർണമാകും.

∙ ഭീഷണി വിലയിരുത്തി കരസേന

അയൽ രാജ്യങ്ങളിൽനിന്നുള്ള ഭീഷണി വിലയിരുത്തി കരസേനാ കമാൻഡർമാരുടെ സമ്മേളനം. ഡൽഹിയിൽ ആരംഭിച്ച സമ്മേളനം രാജ്യസുരക്ഷ, സേനയിലെ പരിഷ്കാരങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. സേനയുടെ അംഗബലം കുറയ്ക്കുന്നതും പരിഗണനയിലുണ്ട്. 15നു സമാപിക്കും. അയൽ രാജ്യങ്ങളിൽനിന്നുള്ള ഭീഷണി വിലയിരുത്തി കരസേനാ കമാൻഡർമാരുടെ സമ്മേളനം. ഡൽഹിയിൽ ആരംഭിച്ച സമ്മേളന രാജ്യസുരക്ഷ, സേനയിലെ പരിഷ്കാരങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. സേനയുടെ അംഗബലംകുറയ്ക്കുന്നതും പരിഗണനയിലുണ്ട്. 15നു സമാപിക്കും.