Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീഡിയാപാർട് വെളിപ്പെടുത്തൽ നിഷേധിച്ച് ഡാസോ

Eric Trappier, Florence Parly and Anil Ambani 2017 ഒക്ടോബർ 27നു നാഗ്പുരിൽ ഡാസോ – റിലയൻസ് സംയുക്ത കമ്പനിയുടെ ഉദ്ഘാടന ചടങ്ങിൽ ഡാസോ സിഇഒ: എറിക് ട്രപ്പിയർ (ഇടത്) , ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി എന്നിവർക്കൊപ്പം റിലയൻസ് മേധാവി അനിൽ അംബാനി.

ന്യൂഡൽഹി∙ റഫാൽ കരാറിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി ഫ്രഞ്ച് മാധ്യമം മീഡിയാപാർട് രംഗത്തുവന്നതിനു പിന്നാലെ നിഷേധക്കുറിപ്പുമായി ഡാസോ ഏവിയേഷൻ. റിലയൻസിനെ തിരഞ്ഞെടുക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നുവെന്ന മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ വെളിപ്പെടുത്തൽ മുൻപു പുറത്തുവിട്ടതും മീഡിയാപാർട് ആണ്. 

വെളിപ്പെടുത്തൽ ഇങ്ങനെ

2017 മേയ് 17നു ഡാസോ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ലോയ്ക് സെഗ്‌ലൻ സ്ഥാപനത്തിലെ തൊഴിലാളി യൂണിയൻ (സെൻട്രൽ വർക്സ് കൗൺസിൽ) പ്രതിനിധികൾക്കു മുന്നിൽ നടത്തിയ അവതരണത്തിന്റെ രേഖകൾ ഉദ്ധരിച്ചാണു മീഡിയാ പാർട്ടിന്റെ വെളിപ്പെടുത്തൽ. 

ഡാസോയ്ക്കു കരാർ ലഭിക്കണമെങ്കിൽ റിലയൻസിനെ തിരഞ്ഞെടുക്കണമെന്ന ഉപാധി അംഗീകരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു സെഗ്‌ലൻ പറഞ്ഞതായാണു റിപ്പോർട്ട്. ഡാസോ– റിലയൻസ് സംയുക്ത കമ്പനി നാഗ്പുരിൽ സ്ഥാപിച്ചതു തൊഴിലാളി യൂണിയനു മുന്നിൽ ന്യായീകരിക്കുകയായിരുന്നു സെഗ്‌ലൻ. 

നിഷേധിച്ച് ഡാസോ

ഡാസോ പത്രക്കുറിപ്പിൽനിന്ന്: 

റിലയൻസ് ഗ്രൂപ്പിനെ ഓഫ്സെറ്റ് പങ്കാളിയാക്കാനുള്ള തീരുമാനം ഡാസോ ഏവിയേഷൻ സ്വതന്ത്രമായി എടുത്തതാണ്. 

ഇന്ത്യയിലെ പ്രതിരോധ ചട്ടങ്ങൾ പാലിച്ചാണ് ഓഫ്സെറ്റ് കരാർ നിശ്ചയിച്ചത്. 

ബിടിഎസ്എൽ, കൈനറ്റിക്, മഹീന്ദ്ര, സാംടെൽ  ഉൾപ്പെടെയുള്ള കമ്പനികളുമായും പങ്കാളിത്ത കരാർ ഒപ്പിട്ടിട്ടുണ്ട്. 

പങ്കാളിയാക്കാൻ സാധ്യതയുള്ള നൂറോളം കമ്പനികളുമായി ചർച്ച തുടരുന്നു.

ഓഫ്സെറ്റ് കരാറിന്റെ ഭാഗമായി ഡാസോ റിലയൻസ് എയ്റോസ്പേസ് (ഡ്രാൽ) രൂപീകരിക്കുന്നതിനെക്കുറിച്ചാണു ലോയ്ക് സെഗ്‌ലൻ യൂണിയൻ പ്രതിനിധികളോട് അന്നു സംസാരിച്ചത്.