Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കുള്ള മറുപടി വൈകില്ലെന്ന് ഡോണൾഡ് ട്രംപ്; ഇന്ത്യയുമായി കൂടുതൽ കരാറുകൾ ഒപ്പിടുമെന്ന് റഷ്യ

ന്യൂഡൽഹി∙ വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 റഷ്യയിൽനിന്നു വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടതിന് ഇന്ത്യക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താക്കീത്. യുഎസിന്റെ മറുപടി ഇന്ത്യ വൈകാതെ അറിയുമെന്നായിരുന്നു വാഷിങ്ടണിൽ ട്രംപിന്റെ പ്രതികരണം. എപ്പോൾ അറിയുമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നിങ്ങൾ പ്രതീക്ഷിക്കുന്നതിലും നേരത്തേ എന്നായിരുന്നു മറുപടി. 

തങ്ങളുടെ എതിരാളികളായ റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നിവയുമായി കരാറൊപ്പിടുന്ന രാജ്യങ്ങൾക്കു മേൽ ഉപരോധം ചുമത്തുന്ന ചട്ടം യുഎസ് ഇന്ത്യയ്ക്കു മേൽ പ്രയോഗിക്കുമോ എന്ന ആശങ്ക നിലനിൽക്കെയാണു ട്രംപിന്റെ പരാമർശം. നവംബർ നാലിനകം ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന നിർദേശം അവഗണിക്കുന്ന രാജ്യങ്ങളെ കൈകാര്യം ചെയ്യുമെന്നും  ട്രംപ് പറഞ്ഞു. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ 2 കമ്പനികളുമായി കരാറിലെത്തിയെന്ന് ഇന്ത്യ അറിയിച്ചതിന്റെ പിറ്റേന്നാണു ട്രംപിന്റെ പ്രതികരണം.

അതേസമയം, റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഒരുതരത്തിലും യുഎസ് ഉപരോധം ബാധിക്കില്ലെന്ന് ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി നിക്കൊളെയ് കുദാഷേവ് പറഞ്ഞു. യുദ്ധക്കപ്പൽ, യന്ത്രത്തോക്കുകൾ എന്നിവ ഇന്ത്യയ്ക്കു വിൽക്കുന്നതിനുള്ള ഭാവി കരാറുകൾ വൈകാതെ ഒപ്പിടും. എസ് 400 ന്റെ ആദ്യ മിസൈൽ യൂണിറ്റ് 2020 ൽ ഇന്ത്യയ്ക്കു ലഭിക്കും. വരും മാസങ്ങളിൽ കൂടുതൽ കരാറുകൾ പ്രതീക്ഷിക്കാമെന്നും കുദാഷേവ് വ്യക്തമാക്കി.