Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘#മീ ടൂ’ വിവാദം: എം.ജെ. അക്ബർ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്

mj-akbar വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ

ന്യൂഡൽഹി ∙ ‘ #മീ ടൂ’ വിവാദത്തിൽ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ കേന്ദ്ര മന്ത്രിസഭയ്ക്കു പുറത്തേക്ക്. വിദേശയാത്ര കഴിഞ്ഞു ‌മന്ത്രി ഞായറാഴ്ച തിരിച്ചെത്തുന്നതോടെ തീരുമാനമുണ്ടായേക്കും. 

സഹപ്രവർത്തകരായിരുന്ന ഒട്ടേറെ വനിതാ മാധ്യമപ്രവർത്തകരും കലാസാംസ്കാരിക രംഗത്തെ പ്രമുഖ വനിതകളും രംഗത്തു വന്നതോടെ അക്ബറിനു പദവിയിൽ തുടരാൻ ബുദ്ധിമുട്ടാകുമെന്നു ബിജെപി വൃത്തങ്ങൾ പറഞ്ഞു. പാർട്ടിയിലെയും സർക്കാരിലെയും പ്രമാണികളാരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. 

ഇതിനിടെ, വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിക്കു പിന്നാലെ പരസ്യ പ്രതികരണവുമായി ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാജിക്കാര്യം അക്ബർ തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു അവരുടെ പ്രതികരണം. പ്രശ്നം ഗൗരവത്തോടെ കണ്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നു  മേനക നേരത്തെ ആവശ്യപ്പെട്ടിരുന്നു.   

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അക്ബറിന് അനുകൂലമാകാനിടയില്ല. നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്ര‌ഖ്യാപിച്ചിരിക്കെ രാജി വൈകരുതെന്ന അഭിപ്രായം ബിജെപിയിലും ശക്തമാണ്. സർക്കാരാണു  തീരുമാനമെടുക്കേണ്ടതെ‌ന്നു പാർട്ടി ജനറൽ സെക്രട്ടറി വിജയ്‌ വർഗീയ പറഞ്ഞു. 

അക്ബർ ഉടൻ രാജിവയ്ക്കണമെന്നു സിപിഎം ആവ‌ശ്യപ്പെട്ടു. എത്ര വനിതകൾ കൂടി പരാതി നൽകിയാലാണു സർ‌ക്കാർ നിശബ്ദത വെടിയുകയെന്നു പാർട്ടി ചോദിച്ചു. 

മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ നൈജീരിയയിലെ ലാഗോസിലാണ് എം.ജെ. അക്ബർ. ഇക്വിറ്റോറിയൽ ഗിനി വഴി ഞായറാഴ്ച മടങ്ങിയെത്തും. യാത്ര റദ്ദാക്കി ഉടൻ തിരി‌ച്ചെത്താൻ ‌പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്ന് ഇടയ്ക്കു വാർത്ത പര‌ന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.