Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗദ്ദറിനെ കോൺഗ്രസിലേക്കു ക്ഷണിച്ച് രാഹുൽ; മകനു സീറ്റ് ചോദിച്ച് ഗദ്ദർ

Rahul Gandhi meets Telugu balladeer Gaddar

ന്യൂഡൽഹി∙ തെലുങ്ക് വിപ്ലവകവി ഗദ്ദറിനെ കോൺഗ്രസിലേക്കു ക്ഷണിച്ച് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം രാഹുലിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ക്ഷണം നിരസിച്ച ഗദ്ദർ, പക്ഷേ, മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെതിരെ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മൽസരിക്കാൻ ഒരുക്കമാണെന്ന് അറിയിച്ചു.

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യത്തിനായി ഗദ്ദർ പ്രചാരണത്തിനിറങ്ങും. ഭാര്യ വിമല, മകൻ സൂര്യകിരൺ എന്നിവർക്കൊപ്പമാണു ഗദ്ദർ രാഹുലിനെ സന്ദർശിച്ചത്. അടുത്തിടെ കോൺഗ്രസിൽ ചേർന്ന സൂര്യകിരണിന് ആദിലാബാദ് ജില്ലയിലെ ബെല്ലംപള്ളി നിയമസഭാ സീറ്റ് നൽകണമെന്നും ഗദ്ദർ ആവശ്യപ്പെട്ടു.

എന്നാൽ, തെലങ്കാനയിലെ സഖ്യകക്ഷിയായ സിപിഐക്കു സീറ്റ് നൽകുന്നതു പരിഗണനയിലുണ്ടെന്നു രാഹുൽ അറിയിച്ചു. സീറ്റിന്റെ കാര്യത്തിൽ സിപിഐയുമായി ഗദ്ദർ വരുംദിവസങ്ങളിൽ ചർച്ച നടത്തും.സിപിഐ സമ്മതിച്ചാൽ, സീറ്റ് നൽകുന്നതിൽ കോൺഗ്രസിന് എതിർപ്പില്ല.

സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി സംബന്ധിച്ച ചർച്ചയ്ക്കിടയിലാണു ഗദ്ദറിനെ രാഹുൽ കോൺഗ്രസിലേക്കു ക്ഷണിച്ചത്. ഏതെങ്കിലും രാഷ്ട്രീയകക്ഷിയിൽ ചേരാൻ താൽപര്യമില്ലെന്നും പ്രതിപക്ഷ കക്ഷികൾ പിന്തുണച്ചാൽ റാവുവിനെതിരെ ഗജ്‍വേൽ മണ്ഡലത്തിൽ മൽസരിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആദിലാബാദ്, വാറങ്കൽ, സഹീറാബാദ്, നിസാമാബാദ്, പെദപ്പള്ളി, കരീം നഗർ എന്നീ ആദിവാസി–പിന്നാക്ക മേഖലകളിൽ ഗദ്ദറിന് അനുയായികളുണ്ട്. 20ന് ആദിലാബാദിലെ ബോത്ത് മണ്ഡലത്തിൽ രാഹുൽ പ്രസംഗിക്കും.