Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറുദുവും ചൈനീസും പഠിച്ച് ശത്രുവിനെ നേരിടാൻ കരസേന

INDIAN-ARMY-LOGO

ന്യൂഡൽഹി∙ ശത്രുസൈന്യത്തെ മെരുക്കാൻ ഉറുദു, ചൈനീസ് ഭാഷകൾ പഠിക്കാൻ കരസേന തയാറെടുക്കുന്നു. അയൽരാജ്യങ്ങളുടെ മാതൃഭാഷയിൽ സേനാംഗങ്ങൾക്കു പ്രാവീണ്യം നൽകാനുള്ള തീരുമാനം കരസേനാ കമാൻഡർമാരുടെ സമ്മേളനത്തിലാണ്. ഇംഗ്ലിഷ്, കശ്മീരി എന്നിവയിലും പരിശീലനം നൽകും.

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) സേനാംഗങ്ങൾ ചൈനീസ് ഭാഷ പഠിക്കാൻ അടുത്തിടെ തീരുമാനിച്ചതിന്റെ ചുവടുപിടിച്ചാണു കരസേനയുടെ നീക്കം. അയൽരാജ്യങ്ങളിലെ ഭാഷയിലുള്ള പരിജ്ഞാനം അതിർത്തിയിലെ സ്ഥിതി ഫലപ്രദമായി മനസ്സിലാക്കാൻ സൈനികരെ സഹായിക്കും.

സേനാംഗങ്ങളുടെ എണ്ണം ഘട്ടം ഘട്ടമായി കുറയ്ക്കുന്നതു പ്രവർത്തനച്ചെലവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. നിലവിൽ 13 ലക്ഷം പേരാണു സേനയിലുള്ളത്. ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് അതിർത്തി മേഖലയിൽ സേനാ നടപടികളുടെ മുൻനിരയിൽ നിൽക്കുന്ന കാലാൾപ്പടയ്ക്കു പകരം വിവിധ വിഭാഗങ്ങളിൽ നിന്നുള്ള സേനാംഗങ്ങളെ ഉൾപ്പെടുത്തി യുദ്ധസജ്ജമായ യൂണിറ്റിന് (ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് – ഐബിജി) രൂപം നൽകുന്നതു പരിഗണനയിലുണ്ട്.

ഭാവിയിൽ സേന നടത്തുന്ന പരിശീലനങ്ങളിൽ ഇവയുടെ സാധ്യത പരിശോധിക്കും. കാലാൾപ്പടയ്ക്കു (ഇൻഫൻട്രി) പുറമേ ആർട്ടിലെറി, സിഗ്‌നൽ, കരസേനയുടെ വ്യോമ വിഭാഗം എന്നിവയിൽ നിന്നുള്ളവർ ഉൾപ്പെട്ട യൂണിറ്റായിരിക്കും ഐബിജി. ശത്രു നീക്കങ്ങൾക്കെതിരെ ഒരേസമയം വ്യത്യസ്ത യുദ്ധമുറകൾ പ്രയോഗിക്കാൻ ഇതു സഹായിക്കുമെന്നു പ്രതിരോധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനും ചൈനയും വെല്ലുവിളി ശക്തമാക്കുന്ന സാഹചര്യത്തിൽ കാലാൾപ്പടയെ ആശ്രയിക്കുന്നതു ഭാവിയിൽ ഗുണം ചെയ്യില്ലെന്നും വ്യോമ വിഭാഗമുൾപ്പെടെ എല്ലാം തികഞ്ഞ സായുധ യൂണിറ്റാണ് ആവശ്യമെന്നും സേന വിലയിരുത്തി. മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഐബിജിയുടെ ചുമതല.

ലഫ്. ജനറലിന്റെ നേതൃത്വത്തിലുള്ള സേനാ കോറിനു കീഴിൽ ഐബിജി പ്രവർത്തിക്കും.