Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.ജെ. അക്ബറിന്റെ ഭാവി തുലാസിൽ; നിർണായകം മോദിയുടെ നിലപാട്

Narendra Modi

ന്യൂഡൽഹി ∙ മന്ത്രി എം.ജെ. അക്ബർക്കെതിരായ പീഡനാരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടു നിർണായകം. മന്ത്രിസഭാഗംങ്ങളെ നിശ്ചയിക്കാനുള്ള വിവേചനാധികാരം പ്രധാനമന്ത്രിക്കായതു കൊണ്ട് ഇക്കാര്യത്തിൽ പരസ്യമായി അഭിപ്രായപ്രകടനം നടത്താതെ ഒഴിഞ്ഞുമാറുകയാണു ബിജെപി നേതാക്കളും മന്ത്രിമാരും. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ മന്ത്രിയെ പുറത്താക്കുന്നതിനെതിരെ ബിജെപിയിൽ അടക്കിപ്പിടിച്ച ശബ്ദങ്ങളുയര‍ുന്നുണ്ട്. ഏകപക്ഷീയ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നതു മോശമായ കീഴ്‌വഴക്കമാകുമെ‌ന്നു ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അക്ബർക്കു മന്ത്രിസഭയിൽ തുടരാൻ എളുപ്പമല്ലെന്ന് അവർ സമ്മതിക്കുന്നു. അക്ബർ വിദേശയാത്ര കഴിഞ്ഞു നാളെ തിരിച്ചെത്തുന്നതിനു പിന്നാലെ നടപടിയുണ്ടാകുമെന്നാണു സൂചന.

രാഷ്ട്രീയത്തിലെ സ്ത്രീപീഡകർക്കെതിരെ 40 വർഷം മുൻപു താൻ ശബ്ദമുയർത്തിയതാണെന്നു ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി എംപി പറഞ്ഞു. അന്ന് ആരും ഗൗനിച്ചില്ല. മാധ്യമങ്ങൾ തന്നെ മോശക്കാരനായി ചിത്രീകരിക്കാനാണു ശ്രമിച്ചത്. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ചു വിശദ അന്വേഷണം വേണം. എന്നാൽ, എം.ജെ. അക്ബർക്കു പറയാനുള്ളത് ആദ്യം കേൾക്കണമെന്നു മന്ത്രി റാംദാസ് അത്താവലെ ആവശ്യപ്പെട്ടു. മറുപടി തൃപ്തികരമല്ലെങ്കിൽ‍ നടപടിയെടുക്കാം.

അക്ബറെ ഉടൻ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു ഡൽഹി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പ്രധാനമന്ത്രിക്കു കത്തയച്ചു.  ഒട്ടേറെ വനിതകൾ പരാതി ഉന്നയിച്ച ശേഷവും ആരോപണവിധേയൻ ഉന്നതപദവിയിൽ തുടരുന്നതു സ്വീകാര്യമല്ലെന്ന് അവർ പറഞ്ഞു. തന്റെ സാമ്രാജ്യത്തിനു കോട്ടം തട്ടിയാൽ മാത്രമേ മോദി അക്ബറെ പുറകത്താക്കൂ എന്നും കോൺഗ്രസ് വിമർശിച്ചു.

related stories