Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശത്രുനിഗ്രഹ സന്നിധിയിൽനിന്ന് രാഹുലിന്റെ പ്രചാരണത്തുടക്കം

rahul-pooja മധ്യപ്രദേശിൽ തിരഞ്ഞെടുപ്പു പര്യടനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഗ്വാളിയറിലെ അചലേശ്വർ മഹാദേവ ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്നു. നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കമൽനാഥ് തുടങ്ങിയവർ സമീപം. ചിത്രം: പിടിഐ

ദാത്തിയ (മധ്യപ്രദേശ്)∙ ശത്രുനിഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പീതാംബര പീഠിൽ ദർശനത്തിനു ശേഷം മധ്യപ്രദേശിൽ രാഹുൽ ഗാന്ധിയുടെ 2 ദിവസത്തെ പ്രചാരണത്തിനു തുടക്കം. ഗുജറാത്തിലെന്ന പോലെ മത ചിഹ്നങ്ങളെ പരസ്യമായി പുണർന്നുള്ള പ്രചാരണരീതിയാണ് ഇവിടെയും. കന്യാപൂജയോടെയും നർമദാ വന്ദനത്തോടെയും പ്രചാരണമാരംഭിച്ച രാഹുൽ അര മണിക്കൂറോളം പീതാംബര പീഠത്തിൽ പൂജാരികളുമായി സംസാരിച്ചു.

1962 ൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ അഭ്യർഥനപ്രകാരം ഇവിടെ പൂജ നടത്തിയ ശേഷമാണു ചൈനീസ് യുദ്ധം അവസാനിച്ചതെന്നാണു ക്ഷേത്ര അധികൃതർ അവകാശപ്പെടുന്നത്. 1965 ലും ’71ലും ഇന്ത്യ– പാക്ക് യുദ്ധം നടന്നപ്പോഴും 2000 ലെ കാർഗിൽ യുദ്ധവേളയിലും പൂജ നടന്നതായി പറയുന്നു. തിരഞ്ഞെടുപ്പിൽ നിർണായകമായ ഗ്വാളിയർ -ചമ്പൽ മേഖലയിൽ റഫാൽ ഇടപാടും നീരവ് മോദി കേസും തന്നെയായിരുന്നു രാഹുലിന്റെ മുഖ്യ പ്രചാരണായുധങ്ങൾ. നീരവ് മോദിയെ നീരവ് ഭായ് എന്നും അനിൽ അംബാനിയെ അനിൽ ഭായ് എന്നുമാണു പ്രധാനമന്ത്രി വിളിക്കുന്നത്.

അദ്ദേഹത്തിന് ഒരാളെ ഭായിയായി തോന്നണമെങ്കിൽ കോട്ട് ധരിച്ചിരിക്കണം. എച്ച്എഎല്ലിൽനിന്ന് അനിൽ അംബാനിയുടെ കമ്പനിക്കു റഫാൽ ഇടപാട് കൈമാറിയതിനെക്കുറിച്ചു ചോദിക്കുമ്പോൾ മിണ്ടാട്ടമില്ല. 45,000 കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങൾക്കു നൽകാനുള്ളയാളാണ് അനിൽ അംബാനി. ദലിതരും ന്യൂനപക്ഷങ്ങളും ഗുജറാത്തിൽ ആക്രമിക്കപ്പെടുമ്പോൾ, ദുർബലരും സ്ത്രീകളും ആക്രമിക്കപ്പെടുമ്പോൾ പ്രധാനമന്ത്രി മൗനത്തിലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പിസിസി അധ്യക്ഷൻ കമൽ നാഥും പ്രചാരണസമിതി അധ്യക്ഷൻ ജ്യോതിരാദിത്യ സിന്ധ്യയും ഒപ്പമുണ്ടായിരുന്നു.