Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രൂഡ് ഓയിൽ വില നിയന്ത്രിക്കണമെന്ന് അഭ്യർഥിച്ച് മോദി

Narendra Modi

ന്യൂഡൽഹി ∙ ക്രൂഡ് ഓയിൽ വില നിയന്ത്രിച്ച് ആഗോള വളർച്ചയെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയോടും എണ്ണ ഉൽപാദക രാജ്യങ്ങളോടും ആവശ്യപ്പെട്ടു. വില വർധിക്കുന്നതു വികസ്വര രാജ്യങ്ങൾക്കു ഭീഷണിയുയർത്തുന്നുവെന്ന് ആഗോള പെട്രോളിയം, പ്രകൃതിവാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. ഇറാനെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ കൂ‌ടിക്കാഴ്ചയിൽ സൗദി പെട്രോളിയം മന്ത്രി ഖാലിദ് അൽ–ഫാലിഹും പങ്കെടുത്തു. 

നിക്ഷേപനിബന്ധനകൾ ഉദാരമാക്കിയ സാഹചര്യത്തിൽ രാജ്യത്തെ എണ്ണ പര്യവേക്ഷണത്തിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി വ്യവസായികളോടാവശ്യപ്പെട്ടു. രാജ്യത്തു പര്യവേക്ഷണ രംഗത്തു സ്വകാര്യനിക്ഷേപം പരമാവധി വർ‌ധിപ്പിക്കുക, വില നിയന്ത്രിക്കുന്നതിന് ഉൽപാദകരും ഉപ‌യോക്താക്കളുമായി കരാറിലേർപ്പെടുക തുട‌ങ്ങിയ വിഷയങ്ങൾ ‌ചർച്ച ചെയ്തു.  

മോദി അധികാരത്തിലെത്തിയ ശേഷം പെ‌ട്രോളിയം കമ്പനി മേധാവികളുമായി നടത്തുന്ന മൂന്നാമത്തെ യോഗമാണിത്. പാരമ്പര്യേതര ഊർജസ്രോതസുകൾ പരമാവധി ചൂഷണം ചെയ്തു പെട്രോളിയം ഉൽപന്നങ്ങളിൽ ആശ്രിതത്വം കുറയ്ക്കാനുള്ള ദീർഘകാല പദ്ധതിയും ഇന്ത്യ ആസൂത്രണം ചെയ്തിട്ടുണ്ട്.

related stories