Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണു നല്ല ഹിന്ദു? തരൂരിന്റെ അഭിപ്രായം വിവാദമാവുന്നു

shashi-tharoor ശശി തരൂർ

ചെന്നൈ / ന്യൂഡൽഹി ∙ മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാൻ ‘നല്ല ഹിന്ദുക്കൾ’ ആഗ്രഹിക്കുന്നില്ലെന്നു കോൺഗ്രസ് നേതാവ് ശശി തരൂർ. തരൂരിന്റെ അഭിപ്രായത്തോടു രൂക്ഷമായി പ്രതികരിച്ച ബിജെപി, കോൺഗ്രസ് പാർട്ടിയെയും അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ആക്ഷേപിക്കുകയും ഹിന്ദു വിരുദ്ധരെന്നു മുദ്രകുത്തുകയും ചെയ്തു പുതിയൊരു വിവാദത്തിനു വഴി തുറന്നു.

ചെന്നൈയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു. ‘രാമന്റെ ജന്മസ്ഥലമായി അതിനെ ഹിന്ദുക്കൾ കാണുന്നുണ്ടെന്ന് തീർച്ചയായും എനിക്കറിയാം. മിക്ക ഹിന്ദുക്കളും അവിടെ രാമക്ഷേത്രം ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു. എന്നാൽ നല്ല ഹിന്ദുക്കൾ ആരും മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാൻ ആഗ്രഹിക്കുകയില്ലെന്നാണു ഞാൻ വിശ്വസിക്കുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇതിനെതിരെ ബിജെപി വക്താവ് സംപിത് പത്ര ഇങ്ങനെ പ്രതികരിച്ചു: ‘ഈ പരാമർശം കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും തനിനിറം വെളിവാക്കിയിരിക്കുന്നു. അവർ ഹിന്ദുവിരുദ്ധരാണ്.’ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ പോയി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന രാഹുൽ പ്രച്ഛന്ന വേഷം ആടുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. സുബ്രഹ്മണ്യൻ സ്വാമി, കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ തുടങ്ങിയവരും തരൂർ, രാഹുൽഗാന്ധി എന്നിവരെ നിശിതമായി വിമർശിച്ചു. തന്റെ അഭിപ്രായം വ്യക്തിപരമായിരുന്നുവെന്നും ചില മാധ്യമങ്ങൾ അതിനെ വളച്ചൊടിച്ചു വിവാദമാക്കിയതാണെന്നും ശശി തരൂർ അറിയിച്ചു.