Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ബർ: #മീടൂവിൽ വീഴുന്ന വൻമരം

akbar-priya-ramani പ്രിയ രമണി, എം.ജെ അക്ബർ

ന്യൂഡൽഹി ∙ ലൈംഗികചൂഷകരെ തുറന്നുകാട്ടി ലോകമാകെ പടർന്ന #മീടൂ പ്രതിഷേധ മുന്നേറ്റത്തിൽ ഇന്ത്യയിൽ വീഴുന്ന ആദ്യ വൻമരമാണു കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബർ. മാധ്യമപ്രവർത്തകനായിരുന്ന കാലത്ത് അക്ബർ നടത്തിയ ലൈംഗികാതിക്രമങ്ങൾ തുറന്നുപറഞ്ഞ് മുൻ സഹപ്രവർത്തകരാണ് രംഗത്തെത്തിയത്. 

ആരോപണങ്ങൾ ഉയരുമ്പോൾ വിദേശസന്ദർശനത്തിലായിരുന്ന അക്ബർ കഴിഞ്ഞ ഞായറാഴ്ചയാണു തിരിച്ചെത്തിയത്. ഉടൻ രാജിയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും വഴങ്ങാതെ നിയമപോരാട്ടത്തിനിറങ്ങി. തനിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ 97 അഭിഭാഷകരെ അണിനിരത്തി മാനനഷ്ടക്കേസ് നൽകി. ഇതോടെ പ്രിയയ്ക്കു പിന്തുണയേറി. മുൻ സഹപ്രവർത്തകരായ 11 വനിതകൾ കൂടി പരാതി നൽകുകയും 20 പേർ പ്രിയ രമണിക്കെതിരായ മാനനഷ്ടക്കേസിൽ മൊഴി നൽകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അക്ബർ ‘ഏഷ്യൻ ഏജ്’ പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോഴാണ് പരാതിക്കിടയായ സംഭവങ്ങൾ. 

ദ് ടെലിഗ്രാഫ്, ഇന്ത്യ ടുഡേ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ മുൻ പത്രാധിപരാണ് മുബഷർ ജാവേദ് അക്‌ബർ (67). പത്രപ്രവർത്തകനായിരിക്കെ രാജീവ് ഗാന്ധിയുമായുള്ള സൗഹൃദത്തിൽ  രാഷ്‌ട്രീയത്തിലെത്തി. കോൺഗ്രസ് എംപിയും പാർട്ടിയുടെ വക്‌താവുമായി. ബിഹാറിലെ കിഷൻഗഞ്ചിൽ നിന്ന് 1989, 1991 വർഷങ്ങളിൽ കോൺഗ്രസ്  ടിക്കറ്റിൽ ലോക്സഭയിലെത്തി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് (2014) ബിജെപിയിൽ ചേർന്നത്. 2015ൽ ജാർഖണ്ഡിൽനിന്ന്  രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ വിദേശകാര്യ സഹമന്ത്രിയായി.

ഒക്ടോബർ 9നാണ് എം.ജെ. അക്ബറിനെതിരായ ‘മീ ടൂ’ പീഡനാരോപണം പ്രിയ രമണി ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു വർഷം മുൻപു സമൂഹമാധ്യമത്തിൽ ‘ഒരു എഡിറ്ററെ’ക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ അക്‌ബറിനെ ഉദ്ദേശിച്ചായിരുന്നു എന്നായിരുന്നു ട്വീറ്റ്. ഏഷ്യൻ ഏജ് റസിഡന്റ് എഡിറ്റർ സുപർണ ശർമ, ഗസാല വഹാബ്, ബ്രിട്ടിഷ് മാധ്യമപ്രവർത്തക റൂത്ത് ഡേവിഡ് എന്നിവർ ഉൾപ്പടെ അക്ബറിന്റെ സഹപ്രവർത്തകരായിരുന്ന  12 വനിതാ മാധ്യമപ്രവർത്തകരാണ്  അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 

അക്ബർ 15 വർഷം പത്രാധിപരായിരുന്ന ‘ഏഷ്യൻ ഏജ്’ ദിനപത്രത്തിൽ പ്രവർത്തിച്ചവരാണു പ്രിയയ്ക്കു പിന്തുണ പ്രഖ്യാപിച്ചവരിലേറെയും.

related stories