Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻ.ഡി. തിവാരിക്ക് അന്ത്യാഞ്ജലി; അന്ത്യം 93–ാം ജന്മദിനത്തിൽ

Homage to N.D. Tiwari എൻ.ഡി. തിവാരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻസിങ് എന്നിവർ സമീപം.

ലക്‌നൗ∙ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ നാരായണൻ ദത്ത് തിവാരിയുടെ (93) മൃതദേഹം ഇന്നു ലക്നോവിൽ എത്തിക്കും. ഡൽഹിയിൽ ചികിൽസയിലിരിക്കെ, വ്യാഴാഴ്ച 93–ാം ജന്മദിനത്തിലായിരുന്നു തിവാരിയുടെ അന്ത്യം. ഇന്നു ഉച്ചയോടെ എത്തിക്കുന്ന മൃതദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും. 1മുതൽ 3 വരെ വിധാൻ ഭവനിൽ പൊതുദർശനത്തിനു വയ്ക്കും.

നൈനിറ്റാളിൽ 1925 ഒക്ടോബർ18 നാണു ജനനം. 1952 ൽ നൈനിറ്റാളിൽനിന്ന് സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ ആദ്യ തിരഞ്ഞെടുപ്പുജയം. ഒരു ദശകത്തിനുശേഷം കോൺഗ്രസിൽ ചേർന്നു. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു. കേന്ദ്രത്തിൽ വിവിധ കോൺഗ്രസ് മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ ഭരിച്ചു.

1991 ൽ രാജീവ് ഗാന്ധിയുടെ മരണത്തെത്തുടർന്നു പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ട പേരുകളിലൊന്നു തിവാരിയുടേതായിരുന്നു. എന്നാൽ അക്കുറി തിരഞ്ഞെടുപ്പിൽ അദ്ദേഹം നൈനിറ്റാളിൽ 800 വോട്ടിനു തോറ്റു. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ കോൺഗ്രസ് വിട്ട തിവാരി, അർജുൻസിങ്ങിനൊപ്പം ചേർന്ന് 1995 ൽ പുതിയ പാർട്ടിയുണ്ടാക്കിയെങ്കിലും സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായപ്പോൾ മാതൃസംഘടനയിൽ തിരിച്ചെത്തി. മകൻ രോഹിത് ശേഖർ കഴിഞ്ഞ വർഷം ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെ തിവാരിയും ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്ത് തുടങ്ങിയവർ അനുശോചിച്ചു. ഉത്തരാഖണ്ഡിൽ 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

2 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണത്തിനുശേഷം രണ്ടു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ഏക വ്യക്തി എൻ. ഡി. തിവാരിയാണ്. മൂന്നുവട്ടം ഉത്തർപ്രദേശ് മുഖ്യമന്ത്രി. ഒരുവട്ടം (2002–2007) ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും. ഉത്തരാഖണ്ഡ‍ിൽ കാലാവധി തികച്ച ഏക മുഖ്യമന്ത്രിയുമാണ്. 2007–09 ൽ ആന്ധ്രപ്രദേശ് ഗവർണറായിരുന്നു.