Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മുവിൽ ബിജെപി; കശ്മീരിലും ലഡാക്കിലും കോൺഗ്രസിന് നേട്ടം

bjp-congress-logos

ശ്രീനഗർ ∙ കശ്മീരിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലങ്ങൾ വന്നുതുടങ്ങിയതോടെ ബിജെപി നാലു നഗരസഭകളും കോൺഗ്രസ് മൂന്നു നഗരസഭകളും തനിച്ചു ഭരിക്കുമെന്ന് ഉറപ്പായി.  13 വർഷത്തിനുശേഷം  നടന്ന തിരഞ്ഞെടുപ്പ് പിഡിപി, നാഷനൽ കോൺഫറൻസ്, സിപിഎം, ബിഎസ്പി എന്നീ കക്ഷികൾ ബഹിഷ്കരിച്ചിരുന്നു. ജമ്മു മേഖലയിൽ ബിജെപിയും കശ്മീർ താഴ്‌വരയിലും ലഡാക്കിലും കോൺഗ്രസുമാണ് നേട്ടം കൈവരിച്ചത്.

ശ്രീനഗർ നഗരസഭയിൽ  ഒറ്റക്കക്ഷി എന്ന നിലയിൽ കോൺഗ്രസ് ആണ് മുന്നിലെങ്കിലും അനേകം സ്വതന്ത്രന്മാർ ജയിച്ചിട്ടുള്ളതിനാൽ ആരു ഭരിക്കും എന്ന് ഉറപ്പിക്കാനായിട്ടില്ല. 75 വാർഡുകളിൽ കോൺഗ്രസ് 12ൽ ജയിച്ചു. ബിജെപി നാലും സ്വതന്ത്രന്മാർ 49ഉം കയ്യടക്കി. നാഷനൽ കോൺഫറൻസ് വിട്ട് സ്വതന്ത്രനായി മത്സരിച്ച ജുനൈദ് മട്ടൂ മേയറാകുമെന്നാണ് കരുതുന്നത്.

ജമ്മു നഗരസഭയിലെ 75ൽ 43 വാർഡുകൾ പിടിച്ച് ബിജെപി അംഗബലം വർധിപ്പിച്ചു‌. നേരത്തെ 25 സീറ്റ് ആണ് ഉണ്ടായിരുന്നത്. നേരത്തെ 26 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ 14 സീറ്റേ കിട്ടിയുള്ളൂ. 18 എണ്ണം സ്വതന്ത്രന്മാർ കയ്യടക്കി. ജമ്മു മേഖലയിലെ 36 നഗരസഭകളിൽ 15 എണ്ണത്തിൽ ബിജെപിക്കാണ് മേൽക്കൈ. അഞ്ചിടത്ത് കോൺഗ്രസിനും ബാക്കിയുള്ളിടത്ത് സ്വതന്ത്രർക്കുമാണ് മുൻതൂക്കം. ജമ്മു മേഖലയിൽ 212 വാർഡുകൾ ബിജെപിയും 110 എണ്ണം കോൺഗ്രസും നാഷനൽ പാന്തേഴ്സ് പാർട്ടി 13ഉം സ്വതന്ത്രർ 185ഉം സീറ്റുകൾ നേടി.

കശ്മീർ താഴ്‌വരയിൽ 157 സീറ്റുകൾ കോൺഗ്രസ് നേടി. 78 എണ്ണത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്കു 100 സീറ്റുകളും. ഇതിൽ 76 എണ്ണം എതിരില്ലാതെ. അതേസമയം സ്വതന്ത്രർ 178 സീറ്റുകളാണു നേടിയത്. പലർക്കും പിഡിപി, എൻസി പിന്തുണയുണ്ട്. ലഡാക്ക് മേഖലയിൽ ബിജെപിക്ക് ഒറ്റ സീറ്റ് പോലും നേടാനായില്ല. ഇവിടെയുള്ള 26 വാർഡുകളിൽ 18 എണ്ണവും കോൺഗ്രസ് കയ്യടക്കി. ലേ നഗരസഭയിൽ 13 സീറ്റും കാർഗിലിൽ ആറു സീറ്റും കോൺഗ്രസിനു ലഭിച്ചു.

ദക്ഷിണ കശ്മീരിൽ സംഘർഷമേഖലയായ അനന്ത്നാഗ്, കുൽഗം, പുൽവാമ, ഷോപിയാൻ എന്നീ ജില്ലകളിലെ 20 നഗരസഭകളിൽ നാലെണ്ണമാണ് ബിജെപി പിടിച്ചത്. ആകെയുള്ള 132 വാർഡുകളിൽ 94 എണ്ണത്തിന്റെ ഫലം വന്നപ്പോൾ 53 എണ്ണവും ബിജെപി കയ്യടക്കി. മൂന്നു നഗരസഭകൾ സ്വന്തമാക്കിയ കോൺഗ്രസിന് 28 വാർഡുകളിലാണ് ജയിക്കാനായത്. ഷോപിയാനിലെ 12 വാർഡുകളിലും ബിജെപി എതിരില്ലാതെ ജയിച്ചു. അഞ്ചിടത്ത് ആരും പത്രിക നൽകിയില്ല.