Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചാബിൽ ദസറ ആഘോഷത്തിനിടെ പാളത്തിൽനിന്ന ആൾക്കൂട്ടത്തിലേക്ക് ട്രെയിൻ പാഞ്ഞുകയറി 60 മരണം

Punjab train accident പഞ്ചാബിലെ ജോദ ഫഠക്കിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ ശരീരം അപകടസ്ഥലത്തു നിന്നു മാറ്റുന്ന പൊലീസ് ഉദ്യോഗസ്ഥർ.

അമൃത്‌സർ∙ പഞ്ചാബിലെ ജോദ ഫഠക്കിൽ ദസറ ആഘോഷങ്ങൾ കാണാൻ റെയിൽപാളത്തിൽ കയറിനിന്ന ആൾക്കൂട്ടത്തിലേക്കു ട്രെയിൻ പാഞ്ഞുകയറി 60 മരണം. 72 പേർക്കു പരുക്കേറ്റു. മരണസംഖ്യ 100 വരെ ഉയർന്നേക്കുമെന്നാണു സൂചന. ഇരകളായവരിൽ കുട്ടികളുമുണ്ട്. ജലന്തറിൽനിന്ന് അമൃത്‌സറിലേക്കു പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. വൈകിട്ട് 6.45നായിരുന്നു അപകടം.

പാളത്തിനു സമീപം മൈതാനത്തു ദസറയുടെ ഭാഗമായ ‘രാവണദഹനം’ കാണാൻ ഒത്തുചേർന്ന 300 ലേറെ വരുന്ന ജനക്കൂട്ടത്തിലെ ഒരു സംഘമാണു പാളത്തിൽ കയറിനിന്നത്. രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങിനൊപ്പം കരിമരുന്നു പ്രയോഗവും ഉണ്ടായിരുന്നു.  പടക്കം പൊട്ടുന്നതിന്റെ ഒച്ചയും പുകയും മൂലം ട്രെയിൻ പാഞ്ഞെത്തിയത് ആരുമറിഞ്ഞില്ല. ഇരുദിശയിൽനിന്നും ഒരേ സമയം ട്രെയിൻ വന്നതോടെ ഓടിമാറാനും കഴിഞ്ഞില്ല. ഇതിലൊരു ട്രെയിനാണ് ഇടിച്ചത്.

പാളത്തിൽനിന്ന് 100 മീറ്റർ അകലെയാണു കോലം കത്തിച്ചതെന്നും കത്തിയ കോലം നിലത്തേക്കു വീണപ്പോൾ ആളുകൾ ഓടി പാളത്തിൽ കയറിയപ്പോഴാണു ട്രെയിൻ വന്നതെന്നും റെയിൽവേ അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രി അമരിന്ദർ സിങ് പ്രഖ്യാപിച്ചു.