Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീടൂ: റിയാലിറ്റി ഷോയിൽ നിന്ന് അനു മാലിക്കിനെ ഒഴിവാക്കി

Annu Malik അനു മാലിക്

മുംബൈ/ബെംഗളൂരു ∙ മീടൂ ലൈംഗികാരോപണത്തിൽ കുടുങ്ങിയതിനു പിന്നാലെ, ബോളിവുഡ് സംഗീത സംവിധായകൻ അനു മാലിക്കിനെ റിയാലിറ്റി ഷോയിൽ നിന്ന് ഒഴിവാക്കി. സോണി എന്റ‌ർടെയിൻമെന്റിന്റെ സംഗീത റിയാലിറ്റി ഷോ 'ഇന്ത്യൻ ഐഡൽ 10' ജ‍‍ഡ്ജിങ് പാനലിൽ നിന്ന് പിൻമാറാൻ നിർമാതാക്കൾ നിർദേശിച്ചതിനെ തുടർന്ന് രാജിവയ്ക്കുകയായിരുന്നു. മറ്റു വിധികർത്താക്കളെ ഉൾപ്പെടുത്തി ഷോ മുന്നോട്ടുപോകുമെന്ന്  നിർമാതാക്കൾ  അറിയിച്ചു. 2004മുതൽ ഷോയുടെ ഭാഗമാണ് അനു മാലിക്. ഗായിക സോന മൊഹാപത്ര, ശ്വേത പണ്ഡിറ്റ് തുടങ്ങിയവരാണ് അനു മാലിക്കിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. 

അതിനിടെ, തമിഴ് സൂപ്പർ താരം അർജുനിൽനിന്നേറ്റ അപമാനത്തിന് തന്റെ പക്കൽ തെളിവുണ്ടെന്നും കോടതിയിൽ വേണ്ടപ്പോൾ ഹാജരാകുമെന്നും നടി ശ്രുതി ഹരിഹരൻ വ്യക്തമാക്കി. 

പീഡനം ഒന്നു വർഷത്തിനു ശേഷം വെളിപ്പെടുത്താൻ മീ ടൂ പ്രചാരണമാണ് ധൈര്യം പകർന്നതെന്ന് ബെംഗളൂരുവിൽ ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാളിറ്റിയുടെ (ഫയർ) നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു. അർജുനെതിരെ പരാതി നൽകണോ എന്ന കാര്യത്തിൽ ഫയർ രൂപീകരിച്ച ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി തീരുമാനമെടുക്കും. 

അതേസമയം, മീ ടൂ വെളിപ്പെടുത്തലുകൾക്കു ബദലായി ബെംഗളൂരുവിൽ ‘മെൻ ടൂ’ പ്രതിഷേധം അരങ്ങേറി. ചിൽഡ്രൻസ് റൈറ്റ്സ് ഇനീഷ്യേറ്റീവ് ഫോർ ഷെയേർഡ് പാരന്റിങ് (ക്രിസ്പ്) എന്ന സന്നദ്ധ സംഘടനയാണ് സ്ത്രീകളിൽ നിന്ന് പുരുഷന്മാർ ഏറ്റുവാങ്ങുന്ന പീഡനം പുറത്തുകൊണ്ടുവരാൻ മെൻ ടൂവൂമായി രംഗത്തെത്തിയത്.  മകളെ പീഡിപ്പിച്ചെന്ന മുൻ ഭാര്യയുടെ പരാതിയിൽ നടപടി നേരിടുകയും പിന്നീട് കുറ്റവിമുക്തനാകുകയും ചെയ്ത മുൻ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥൻ പാസ്കൽ മസൂരിയർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. 

മാധ്യമങ്ങളിലും ആഭ്യന്തര സമിതി വേണമെന്ന് വനിതാ കമ്മിഷൻ

ന്യൂഡൽഹി∙ ജോലി സ്ഥലത്തെ ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കുന്നതിന് മാധ്യമ സ്ഥാപനങ്ങളിൽ ആഭ്യന്തര സമിതികൾ രൂപീകരിക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ. ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടു കമ്മിഷൻ വാർത്താ വിതരണ മന്ത്രാലയത്തിനു കത്തു നൽകി. 

ദൃശ്യ– പത്ര സ്ഥാപനങ്ങളിൽ നിന്ന് ഒട്ടേറെ പരാതികൾ സമീപകാലത്തു ലഭിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾക്കു തക്ക ശിക്ഷ ഉറപ്പാക്കണം. വാർത്താ വിതരണ സെക്രട്ടിക്കു കത്തു നൽകിയതായും കമ്മിഷൻ അറിയിച്ചു. മീ ടു ക്യാംപെയിനു പിന്നാലെ, പരാതികൾ നേരിട്ടു സ്വീകരിക്കാൻ കമ്മിഷൻ പ്രത്യേക ഇ മെയിൽ ഏർപ്പെടുത്തിയിരുന്നു.

related stories