Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൃത്‌സർ ദുരന്തം: ഉത്തരവാദിത്തം ഇല്ലെന്ന് റെയിൽവേ

Amritsar train accident victim അമൃത്‌സർ ട്രെയിൻ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി അമരിന്ദർ സിങ്, ടൂറിസം മന്ത്രി നവജ്യോത് സിങ് സിദ്ദു തുടങ്ങിയവർ സന്ദർശിക്കുന്നു.

ന്യൂഡൽഹി ∙ അമൃത്‌സർ ട്രെയിൻ ദുരന്തത്തിന് ഉത്തരവാദികൾ തങ്ങളല്ലെന്നു റെയിൽവേ. തെറ്റു ചെയ്യാത്ത ഡ്രൈവർക്കെതിരെ  ശിക്ഷാനടപടിയില്ല, റെയിൽപ്പാളത്തിൽ ആഘോഷങ്ങൾ നടത്താതിരിക്കുകയാണു വേണ്ടത് – റെയിൽവേ സഹമന്ത്രി മനോജ് സിൻഹ പറഞ്ഞു. അപകടകാരണങ്ങളെക്കുറിച്ചു പഠിക്കാൻ റെ‌യിൽവേ സുരക്ഷാ കമ്മിഷനോടു നിർദേശിച്ചിട്ടുണ്ട്.

റെയിൽവേയുടെ കണക്കനുസരിച്ച് 59 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പരുക്കേറ്റ ഇരുനൂറോളം പേർ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബങ്ങൾക്കു സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ വീതവും കേന്ദ്രം രണ്ടു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവർക്കു സംസ്ഥാന സർക്കാർ സൗജന്യചികിത്സ നൽകും; കേന്ദ്രം 50,000 രൂപ വീതം നൽകും.

മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്നാണു റെയിൽവേയുടെ വിലയിരുത്തൽ. അപകടം നടന്ന സ്ഥലത്തു വേഗനിയന്ത്രണ നിർദേശങ്ങളുണ്ടായിരുന്നില്ല. 91 കിലോമീറ്റർ വേഗത്തിലാണു ട്രെയിൻ സ്ഥലത്തിനടുത്തെത്തിയത്. പാളത്തിൽ ജനങ്ങൾ കൂട്ടംകൂടിയിരിക്കുന്നതു ശ്രദ്ധയിൽ പെട്ടയുടൻ ഡ്രൈവർ ബ്രേക്ക് അമർത്തിയതു കൊണ്ട് വേഗം 68 കിലോമീറ്ററായി കുറഞ്ഞു. എമർജൻസി ബ്രേക് പ്രയോഗിച്ചാൽ ട്രെയിൻ പാളം തെറ്റി വൻ ദുരന്തത്തിനു സാധ്യതയുണ്ടായിരുന്നു. ലെവൽ ‌ക്രോസിങ്ങില്ലാത്ത സ്ഥലമായതു കൊണ്ടു റെയിൽവേ ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും അനധികൃതമായി പാളത്തിൽ കയറരുതെന്ന റെയിൽവേ മുന്നറിയിപ്പു ലംഘിക്കപ്പെട്ടതാണ് അപകടത്തിൽ കലാശിച്ചതെന്നും റെയിൽവേ വിശദീകരിക്കുന്നു.

ഇതേസമയം, 20 വർഷത്തോളമായി നടത്തുന്ന ആഘോഷത്തിൽ അപകടം ആദ്യമാണെന്നു ചൂണ്ടിക്കാട്ടുന്ന നാട്ടുകാർ സംസ്ഥാന സർക്കാരിനും റെയിൽവേക്കുമെതിരെ രോഷത്തിലാണ്.  ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന ആഘോഷത്തിനു വേണ്ടത്ര സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയില്ലെന്നാണു സംസ്ഥാന സർക്കാരിനെതിരായ ആരോപണം. അപകടത്തിനു മുൻപ്, മറ്റൊരു ട്രെയിൻ ഇതേ സ്ഥലത്തു കൂടി വേഗം കുറച്ചു കടന്നുപോയിരുന്നെന്നും അവർ പറയുന്നു. റെയിൽവേക്ക് ആഘോഷങ്ങളെക്കുറിച്ച് അറിവില്ലായിരുന്നെന്നു സ്ഥലം സന്ദർശിച്ച റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി പറഞ്ഞു.