Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമക്ഷേത്രം പണിക്ക് ഒരുങ്ങാൻ യുപി മുഖ്യമന്ത്രിയും

Yogi Adityanath യോഗി ആദിത്യനാഥ്

ന്യൂഡൽഹി ∙ രാമക്ഷേത്ര ക്ഷേത്രനിർമാണത്തിനു തയാറെടുപ്പു തുടങ്ങാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുയായികളെ ആഹ്വാനം ചെയ്തു. ആർഎസ്എസും വിഎച്ച്പിയും ക്ഷേത്ര നിർമാണത്തിനു നിയമം പാസാക്കാൻ കേന്ദ്ര സർക്കാരി‌നുമേൽ സമ്മർദം ചെലുത്തുന്നതിനിടെയാണു യോഗിയുടെ ആഹ്വാനം. ഇതേസമയം, സുപ്രീം കോടതി വിധിക്കു മുൻപു ‌നിർമാണത്തിനു പുറപ്പെടരുതെന്നാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

രാംലീല അവിസ്മരണീയമാക്കാൻ തയാറെടുക്കുന്നതു പോലെ ഗംഭീര രാമക്ഷേത്രം നിർമിക്കാനും തയാറെടുക്കണമെന്നു ഗൊരഖ്പുരിലെ വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്ത യോഗി പറഞ്ഞു. ക്ഷേത്ര നിർമാണത്തിനു നിയമമുണ്ടാകേണ്ടത് അഭിമാനപ്രശ്നമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതേ ലക്ഷ്യമിട്ടു വിഎച്ച്പിയും പ്രചാരണ, പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ശിവസേന മേധാവി ഉദ്ധവ് താക്കറെ അടുത്ത മാസം 25ന് അയോധ്യ സന്ദർശിക്കുമെന്നു പറഞ്ഞതിനു പിന്നാലെയാണു യോഗിയുടെ പ്രസ്താവന. തീവ്രഹിന്ദുത്വത്തിന്റെ പ്രതിനിധിയായാണു യോഗി ബിജെപി രാഷ്ട്രീയത്തിൽ തലയുയർത്തിയത്. ആർഎസ്എസിന്റെ ആശീർവാദമുള്ള അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻഗാമി‌യായി കാണുന്നവരുമുണ്ട്. കോടതി വിധിക്കു മുൻപു ക്ഷേത്രനിർമാണ‌ത്തിനു ശ്രമിക്കുന്നതു ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നാണു ബിജെപി കേ‌ന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. എങ്കിലും പാർട്ടിയുടെ മുഖ്യ രാഷ്ട്രീയവിഷയം സജീവമായി നിർത്തുന്നതിനോട് അവർക്ക് എതിർപ്പില്ല.

രാമക്ഷേത്രത്തിനായി മുംബൈ കോൺഗ്രസ് മുൻ അധ്യക്ഷൻ

മുംബൈ ∙അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ആർഎസ്എസിന്റെയും ശിവസേനയുടെയും ആവശ്യത്തിനൊപ്പം കോൺഗ്രസ് മുൻ മുംബൈ തലവൻ കൃപാശങ്കർ സിങ്ങും രംഗത്ത്. രാമക്ഷേത്രം നിർമിക്കണമെന്നു പരസ്യമായി ആവശ്യപ്പെടുന്ന ആദ്യ കോൺഗ്രസ് നേതാവാണ് സിങ്. ഭക്തർ തന്നെ ക്ഷേത്ര നിർമാണത്തിനു മുൻകൈ എടുക്കണം. ആർഎസ്എസിനോ മറ്റേതെങ്കിലും പാർട്ടിക്കോ ക്ഷേത്രം നിർമിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് സിങ് പറയുന്നു.