Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭഛിദ്രം ആവശ്യപ്പെട്ട് ഓഡിയോ ക്ലിപ്: തമിഴ്നാട് മന്ത്രി വിവാദത്തിൽ

ചെന്നൈ∙ യുവതിയോടു ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പിനെച്ചൊല്ലി അണ്ണാ ഡിഎംകെ-ദിനകരപക്ഷങ്ങൾ തമ്മിൽ വാക്പോര്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോയിലെ ശബ്ദം മന്ത്രി ഡി.ജയകുമാറിന്റേതാണെന്നും അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്നും ദിനകരപക്ഷം ആവശ്യപ്പെട്ടു. ഓഡിയോ ക്ലിപ്പിനു പിന്നിൽ ശശികല കുടുംബമാണെന്നും ഇതു വ്യാജമാണെന്നു തെളിയിക്കാൻ ശബ്ദ പരിശോധനയ്ക്കു തയാറാണെന്നും മന്ത്രി ഡി.ജയകുമാർ പറഞ്ഞു. ഡിഎംകെയുൾപ്പെടെ മറ്റു കക്ഷികൾ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 

ദിനകരപക്ഷത്തിന്റെ ചാനലായ ജയടിവി ഓഡിയോ ക്ലിപ് പുറത്തുവിട്ടതോടെയാണു വിവാദത്തിനു തുടക്കമായത്. ഗർഭിണിയായ യുവതിയുടെ അമ്മയോടു ജയകുമാറിന്റെ ശബ്ദത്തോടു സാമ്യമുള്ളയാൾ സംസാരിക്കുന്നതാണ് ഓഡിയോയിലുള്ളത്. യുവതിയോടു ഗർഭച്ഛിദ്രം നടത്താൻ പറയണമെന്നും ആശുപത്രിയിൽ താൻ സൗകര്യമൊരുക്കാമെന്നും ഓഡിയോയിൽ പറയുന്നതു കേൾക്കാം. പിതാവിന്റെ സ്ഥാനത്തു ഡി.ജയകുമാർ എന്നെഴുതിയ ജനന സർട്ടിഫിക്കറ്റ് വാട്സാപ് വഴി പ്രചരിക്കുകയും ചെയ്തു.