Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തക്കംനോക്കി ഭീകരർ: പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ

India Pakistan border in R S Pora

ന്യൂഡൽഹി∙ അതിർത്തിക്കപ്പുറമുള്ള താവളങ്ങളിൽ ആക്രമണ സജ്ജരായി ഭീകരർ നിലയുറപ്പിച്ചിരിക്കുന്നതിൽ പാക്കിസ്ഥാനെ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇരു സേനകളിലെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ (ഡിജിഎംഒ) ഓഫിസുകൾ തമ്മിൽ ഹോട്ട്‌ലൈൻ വഴി നടത്തിയ ആശയവിനിമയത്തിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്ക് നടപടിയെ ഇന്ത്യ രൂക്ഷ ഭാഷയിൽ വിമർശിച്ചു.

കശ്മീരിലെ സുന്ദർബനിയിൽ കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ കടന്നെത്തിയ 6 ഭീകരർ 3 സൈനികരെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സേനാംഗങ്ങൾക്കിടയിൽ കടുത്ത അമർഷം പുകയുന്നതിനിടെയാണ് ഡിജിഎംഒ തലത്തിൽ അര മണിക്കൂർ ചർച്ച നടന്നത്.

5 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്. ഇതിനു മുൻപ് മേയ് 29നു നടത്തിയ ചർച്ചയിൽ അതിർത്തിയിൽ സംഘർഷം അവസാനിപ്പിക്കാൻ ക്രിയാത്മക നടപടി സ്വീകരിക്കുമെന്നു പാക്കിസ്ഥാൻ ഉറപ്പു നൽകിയിരുന്നു. അതിനു ശേഷം 7 തവണ പാക്ക് ഭീകരർ നിയന്ത്രണ രേഖ ലംഘിച്ചു. 23 ഭീകരരെ സേന വധിച്ചു.

ഇതിനിടെ, ഡൽഹിയിൽ പാക്ക് ഹൈക്കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയ ഇന്ത്യ സുന്ദർബനിയിലെ ഭീകരാക്രമണത്തിൽ പ്രതിഷേധമറിയിച്ചു. പ്രത്യാക്രമണത്തിൽ ഇന്ത്യൻ സേന വധിച്ച 2 ഭീകരരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുപോകാനും ആവശ്യപ്പെട്ടു. തിങ്കളാഴ്ച കരസേനയും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും പാക്ക് സേന ഇതുവരെ മൃതദേഹങ്ങൾ തിരികെയെടുത്തിട്ടില്ല.

ഇതേസമയം, പൂഞ്ചിൽ സേനാ ബ്രിഗേഡ് ആസ്ഥാനത്ത് ഇന്നലെയുണ്ടായ സ്ഫോടനം അതിർത്തിയിൽ സംഘർഷാവസ്ഥ വർധിപ്പിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഷെല്ലാക്രമണമാണെന്നു സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചില്ല.