Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട് ഒരുങ്ങുന്നു, മിനി തിരഞ്ഞെടുപ്പിന്

TTV Dinakaran, Edappadi Palanisami, MK Stalin

ചെന്നൈ∙ വെന്റിലേറ്ററിൽ നിന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറിയ ആശ്വാസം- ദിനകരപക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം ഹൈക്കോടതി ശരിവയ്ക്കുമ്പോൾ തമിഴ്നാട്ടിലെ അണ്ണാഡിഎംകെ സർക്കാരിന്റെ അവസ്ഥ ഇതാണ്. വിധി എതിരായിരുന്നെങ്കിൽ ഉടൻ വീഴുമായിരുന്ന സർക്കാരിനു തൽക്കാലം ഭീഷണി ഒഴിവായി. എന്നാൽ, അയോഗ്യരുടേത് ഉൾപ്പെടെ 20 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പെന്ന വെല്ലുവിളി തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്നു.

തിരിച്ചടിയേറ്റ ടി.ടി.വി.ദിനകരന് ഉപതിരഞ്ഞെടുപ്പ് ജയം നിലനിൽപ്പിന്റെ പ്രശ്നം. പ്രതിപക്ഷത്ത്, ഡിഎംകെ അധ്യക്ഷനായി ചുമതലയേറ്റ ശേഷം മുന്നിലെത്തുന്ന ആദ്യ തിരഞ്ഞെടുപ്പ് കടമ്പ താണ്ടാൻ എം.കെ.സ്റ്റാലിന്റെ പടയൊരുക്കം. ഫലം ഭരണ മാറ്റത്തിനുവരെ വഴിവയ്ക്കുമെന്നതിനാൽ മിനി നിയമസഭാ തിരഞ്ഞെടുപ്പായി പോരാട്ടം മാറും. കോടതിയിലും തിരഞ്ഞെടുപ്പു കമ്മിഷനിലും വിജയങ്ങളുണ്ടെങ്കിലും ജയലളിതയുടെ മരണ ശേഷം അണ്ണാഡിഎംകെ ജനകോടതിയിൽ ജയിച്ചിട്ടില്ല.

ആർകെ നഗറിലെ അഭിമാന ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിലാകട്ടെ ദിനകരൻ വൻ ജയം നേടുകയും ചെയ്തു. ജയലളിതയുടെ യഥാർഥ പിൻഗാമികൾ തങ്ങളാണെന്നു തെളിയിക്കാൻ എടപ്പാടിയുടെ അണ്ണാഡിഎംകെയും ദിനകരന്റെ പാർട്ടിയും വിയർപ്പൊഴുക്കുന്ന മൽസരമാകുമിത്. സ്വത്തുകേസിൽ ജയിലിലുള്ള അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്ക് 15 ദിവസത്തെ പരോൾ ലഭിച്ചതു ദിനകരപക്ഷത്തിനു ബലം പകർന്നിട്ടുണ്ട്. അണ്ണാഡിഎംകെയുടെ ഉറച്ച വോട്ട് ബാങ്കായ തേവർ സമുദായത്തിനു നിർണായക സ്വാധീനമുള്ളതാണ് അഞ്ചിലേറെ മണ്ഡലങ്ങൾ. തേവർ കൂറിപ്പോൾ ദിനകരനൊപ്പമാണെന്ന അഭ്യൂഹം ശരിയാണോ എന്നും തിരഞ്ഞെടുപ്പ് തെളിയിക്കും.

പത്തിലധികം സീറ്റുകൾ ലഭിച്ചില്ലെങ്കിൽ എടപ്പാടി സർക്കാർ അസ്ഥിരമാകും. 20 മണ്ഡലങ്ങളും ജയിച്ചാൽ ഡിഎംകെ സഖ്യം കേവലഭൂരിപക്ഷത്തിനു തൊട്ടടുത്തെത്തും. എടപ്പാടി– പനീർസെൽവം ശീതസമരമുൾപ്പെടെ പ്രശ്നങ്ങളേറെയുണ്ടെങ്കിലും ഭരണം തുടരാനുള്ള വിട്ടുവീഴ്ചകളാണ് എടപ്പാടി സർക്കാരിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം.

എന്നാൽ, ദിനകരനു സർക്കാരിനെ നിയന്ത്രിക്കാവുന്ന നില വന്നാൽ ഔദ്യോഗികപക്ഷത്തു കൂറുമാറാൻ തയാറായി ഏറെപ്പേരുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പുകൾ നടക്കാനാണു സാധ്യത. അങ്ങനെയെങ്കിൽ,ഫലത്തിൽ അതു ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമുള്ള നിയമസഭാ തിരഞ്ഞെടുപ്പായി മാറും. അതേസമയം, വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണു ദിനകരന്റെ തീരുമാനമെങ്കിൽ നിയമപോരാട്ടം തുടരും. ഉപതിരഞ്ഞെടുപ്പു വൈകും.