Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നോട്ടില്ല, എത്ര തവണ അറസ്റ്റ് ചെയ്താലും: രാഹുൽ; കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യത്തിന് നീക്കം

Rahul Gandhi stage a protest ആവേശം ഉയരത്തിൽ: സിബിഐ ഡയറക്ടറെ നീക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു ന്യൂ‍ഡൽഹിയിലെ സിബിഐ ആസ്ഥാനത്തേക്കു നടത്തിയ പ്രകടനത്തിനിടെ വാഹനത്തിനു മുകളിലേക്കു കയറാൻ സിപിഐ നേതാവ് ഡി. രാജയെ സഹായിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നേതാക്കളായ രൺദീപ് സിങ് സുർജേവാല, ദീപേന്ദർ സിങ് ഹൂഡ, അശോക് ഗെലോട്ട് തുടങ്ങിയവർ സമീപം. പ്രകടനത്തിൽ തൃണമൂൽ കോൺഗ്രസ്, സിപിഐ, ലോക്താന്ത്രിക് ജനതാദൾ നേതാക്കളും അണിനിരന്നു. ചിത്രം: പിടിഐ

ന്യൂഡൽഹി∙ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി കള്ളനാണെന്ന് ആവർത്തിച്ച് സിബിഐ വിഷയത്തിൽ നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കൾക്കൊപ്പം സിബിഐ ആസ്ഥാനത്തേക്കു പ്രകടനം നടത്തിയ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെ, കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിനു കോൺഗ്രസ് വീര്യം കൂട്ടി. എത്ര തവണ അറസ്റ്റ് ചെയ്താലും പ്രക്ഷോഭത്തിൽ നിന്നു പിന്നോട്ടില്ലെന്നും മോദിക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങുമെന്നും രാഹുൽ പറഞ്ഞു.

സിബിഐ ഡയറക്ടറെ നീക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ തൃണമൂൽ കോൺഗ്രസ്, സിപിഐ, ലോക്താന്ത്രിക് ജനതാദൾ നേതാക്കളും അണിനിരന്നു. ഐക്യ പ്രതിപക്ഷ നിരയെ രംഗത്തിറക്കി കേന്ദ്രത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനുള്ള കോൺഗ്രസ് നീക്കത്തിനു തൃണമൂലിന്റെ സാന്നിധ്യം കരുത്തു പകർന്നു. 

സിബിഐ, റഫാൽ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ മറ്റു കക്ഷികളെ കൂടി അണിനിരത്താൻ വരും ദിവസങ്ങളിൽ കോൺഗ്രസ് ശ്രമം നടത്തും. 

ആരോപണങ്ങൾ നിരത്തി രാഹുൽ

രാവിലെ 11നു ദയാൽ സിങ് കോളജിൽ നിന്നു രാഹുലിന്റെ നേതൃത്വത്തിൽ നീങ്ങിയ കോൺഗ്രസ് പ്രവർത്തകരെ സിബിഐ ആസ്ഥാനത്തിനു മുന്നിൽ ബാരിക്കേഡ് നിരത്തി പൊലീസ് തടഞ്ഞു. നദീമുൾ ഹഖ് (തൃണമൂൽ), ഡി. രാജ (സിപിഐ), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദൾ) എന്നിവർക്കൊപ്പം പ്രവർത്തകരെ അഭിസംബോധന ചെയ്ത രാഹുൽ കഴിഞ്ഞ ദിവസം മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ചു. 

രാജ്യത്തെ ജനങ്ങളെ മോദി കൊള്ളയടിച്ചു. ജനങ്ങളുടെ പക്കൽ നിന്നു തട്ടിയെടുത്ത 30,000 കോടി രൂപ അദ്ദേഹം അനിൽ അംബാനിയുടെ പോക്കറ്റിലിട്ടു.  സിബിഐ ഡയറക്ടറെ മാറ്റിയതിലൂടെ സത്യം മൂടിവയ്ക്കാൻ സാധിക്കില്ല. നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ, ലളിത് മോദി എന്നിവരെ പോലെ അനിൽ അംബാനിയും രാജ്യം വിട്ടേക്കും. പ്രധാനമന്ത്രി അഴിമതി നടത്തി. ജനങ്ങളാണു കോൺഗ്രസിന്റെ ഊർജം. പ്രക്ഷോഭത്തിൽ നിന്നു പിന്നോട്ടില്ല – രാഹുൽ പറഞ്ഞു.

ലോധി കോളനി പൊലീസ് സ്റ്റേഷനിലേക്കു രാഹുലിനെ അറസ്റ്റ് ചെയ്തു നീക്കിയതോടെ പ്രവർത്തകർ പ്രതിഷേധ വേദി അവിടേക്കു മാറ്റി. സ്റ്റേഷനു മുന്നിൽ ധർണ നടത്തിയ പ്രവർത്തകർ മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. 

രാഹുലിനെയും അശോക് ഗെലോട്ട്, അഹമ്മദ് പട്ടേൽ, ഭൂപീന്ദർ സിങ് ഹൂഡ, പി.സി. ചാക്കോ, അജയ് മാക്കൻ, രൺദീപ് സിങ് സുർജേവാല, മഹിളാ കോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് കേശവ് ചന്ദ് യാദവ്, സെക്രട്ടറി ജെബി മേത്തർ എന്നീ നേതാക്കളെയും ഒരു മണിക്കൂറിനു ശേഷം വിട്ടയച്ചു.