Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകിക്ക് ‘പ്രണയദിന’ സമ്മാനമായി ഭാര്യയുടെ ജീവൻ! 15 വർഷം ഒളിവിൽ; മലയാളി പിടിയിൽ

Sajni-and-tarun

അഹമ്മദാബാദ്/ബെംഗളൂരു∙ കാമുകിയെ സ്വന്തമാക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മലയാളി 15 വർഷത്തിനു ശേഷം അറസ്റ്റിൽ. പ്രമുഖ ഐടി സ്ഥാപനത്തിൽ ആൾമാറാട്ടം നടത്തി സീനിയർ മാനേജരായി ജോലി ചെയ്തുവന്ന തരുൺ ജിനരാജി (42) നെയാണ് അഹമ്മദാബാദ് പൊലീസ് ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്. 

തൃശൂർ വിയ്യൂർ സ്വദേശി ഒ.കെ. കൃഷ്ണൻ–യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്‌നി( 26)യെ 2003 ഫെബ്രുവരി 14ന് അഹമ്മദാബാദിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മധ്യകേരളത്തിൽ കുടുംബവേരുകളുള്ള ജിനരാജിന്റെയും അന്നമ്മയുടെയും മകനാണു തരുൺ. 

വിവാഹം കഴിഞ്ഞു നാലാം മാസം ഭാര്യയെ കഴുത്തിൽ ദുപ്പട്ട മുറുക്കി കൊലപ്പെടുത്തി നാടുവിട്ട ഇയാൾ ഒളിവിൽ കഴിഞ്ഞതു പഴുതുകളെല്ലാം അടച്ചായിരുന്നു. മലയാളി ഐപിഎസ് ഓഫിസർ ദീപൻ ഭദ്രന്റെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ട അന്വേഷണമാണ് ഒടുവിൽ ഫലം കണ്ടത്.

കാമുകിക്ക് വാലന്റൈൻസ് ‘സമ്മാനം’

ബാസ്കറ്റ്ബോൾ പരിശീലകനും കായികാധ്യാപകനും ആയിരുന്ന തരുൺ മറ്റൊരു യുവതിയുമായി അടുപ്പത്തിൽ ആയിരുന്നു. 

കാമുകിക്കു വാലന്റൈൻസ് ഡേ സമ്മാനം എന്ന നിലയ്ക്കാണു ഭാര്യയെ അന്നു വധിച്ചത്. സജ്നിയുടെ ജീവനെടുത്തശേഷം ‘നിനക്കൊരു സമ്മാനമുണ്ട്’ എന്നു കാമുകിയെ ഫോണിൽ വിളിച്ചു പറഞ്ഞെങ്കിലും കൊലയാളിക്കൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നായിരുന്നു പ്രതികരണമെന്നു പൊലീസ് പറഞ്ഞു. കവർച്ചക്കാരാണു ഭാര്യയെ കൊന്നതെന്നു വരുത്തിത്തീർക്കാൻ വീട് അലങ്കോലമാക്കി. 

പിന്നീട് ഇയാൾ സഹോദരൻ അരുണിന്റെ വീട്ടിലെത്തി അത്താഴത്തിനു ക്ഷണിച്ചു. തുടർന്ന്, മടങ്ങിയെത്തിയപ്പോൾ സജ്‌നി മരിച്ചു കിടക്കുന്നതു കണ്ടതായി എല്ലാവരെയും വിളിച്ചു പറഞ്ഞു, ബോധം കെട്ടതായി അഭിനയിച്ചു.

tharun 1. തരുൺ–സജ്നി വിവാഹവേളയിലെ ചിത്രം. 2. തരുൺ ജിനരാജ് പിടിയിലായപ്പോഴത്തെ ചിത്രം.

തരുൺ പോയ വഴി

പൊലീസ് പറയുന്നു: 

∙ ആശുപത്രിയിൽ ചികിൽസ തേടിയ തരുണിനെ പൊലീസ് ചോദ്യംചെയ്യലിനായി വിളിക്കുന്നു.

∙ പിടിവീഴുമെന്നു കണക്കുകൂട്ടി  മീശയും മുടിയും നീക്കി സൂററ്റിലേക്ക്. 

∙ അവിടെ നിന്നു സഹോദരനെയും സുഹൃത്തിനെയും വിളിച്ചു പറയുന്നു, ദൂരേക്കു പോകുകയാണെന്ന്.

∙ ബെംഗളൂരുവിൽ എത്തുന്നു. വ്യാജരേഖകൾ ഒപ്പിച്ചു ഡൽഹിയിൽ ജോലി നേടുന്നു.

∙ അഞ്ചു വർഷത്തിനുശേഷം അതേ സ്ഥാപനത്തിന്റെ പുണെ ശാഖയിലേക്ക്. 

∙ സഹപ്രവർത്തക നിഷയുമായി 2009ൽ വിവാഹം.

∙ ബെംഗളൂരുവിൽ ഐടി സ്ഥാപനത്തിലേക്കു മാറുന്നു. സീനിയർ മാനേജർ തസ്തിക. വാർഷിക വരുമാനം 22 ലക്ഷം രൂപ.

∙ ഏഴും ആറും വയസ്സുകാരായ രണ്ടു മക്കൾ. യെലഹങ്കയിൽ ആഡംബര ഫ്ലാറ്റിൽ താമസം.

പ്രവീൺ ഭാട്ടലെ എന്ന തരുൺ

കോളജിൽ ജൂനിയറായി പഠിച്ച പ്രവീൺ ഭാട്ടലെയ്ക്കു ജോലി സംഘടിപ്പിക്കാമെന്നു പറഞ്ഞു കൈക്കലാക്കിയ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് തരുൺ 15 വർഷമായി ഭാട്ടലെയായി ജീവിക്കുന്നു. ഭാര്യ നിഷയോടു പോലും സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയില്ല. കാർ അപകടത്തിൽ മാതാപിതാക്കളും സഹോദരനും മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. 

പിന്നീട് മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തിലേക്കു മാതാപിതാക്കളെ വിളിച്ചുവരുത്തി, ഭാര്യയുമൊത്ത് അവിടെ ചെന്നു. കണ്ടമാത്രയിൽ പിതാവ് ജിനരാജ് തളർന്നുവീണു മരിച്ചു. ഹൃദയാഘാതമായിരുന്നു. പിതാവിന്റെ മൃതദേഹത്തിനൊപ്പം അമ്മയെ വിട്ട്, തരുൺ ആളുകൂടുംമുൻപു മടങ്ങി. മകന്റെ വിളികൾക്കായി മാത്രം അമ്മ ഒരു മൊബൈൽ ഫോൺ രഹസ്യമായി സൂക്ഷിച്ചു.

പൊലീസ് പോയ വഴി

സജ്നിയുടെ അച്ഛൻ കൃഷ്ണനും, അവരുടെ സഹോദരീഭർത്താവും സെറ സാനിറ്ററിവെയേഴ്സ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റുമായ പി.കെ.ശശിധരനും നിരന്തരം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഗുജറാത്ത് ക്രൈംബ്രാഞ്ച് അന്വേഷണം 2012ൽ പുനരാരംഭിക്കുന്നത്. കൊല്ലം സ്വദേശിയും 2007 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനുമായ ദീപൻ ഭദ്രനു ചുമതല. 

സജ്‌നിയുടെ ഓർമദിനത്തിൽ പത്രങ്ങളിൽ കൊടുത്ത പരസ്യം

ഓരോ വർഷവും വാലന്റൈൻസ് ദിന പത്രങ്ങളിൽ സജ്നിയുടെ ചിത്രവും അടിക്കുറിപ്പും വരുന്നതു തങ്ങൾക്കുള്ള ഓർമക്കുറിപ്പായി കണക്കാക്കിയെന്നു ഡപ്യൂട്ടി കമ്മിഷണർ ദീപൻ. 

തരുണിന്റെ അമ്മ അന്നമ്മയുടെ ഫോണിലേക്കുള്ള എല്ലാ കോളുകളും 6 വർഷം നിരീക്ഷിച്ചു. അഹമ്മദാബാദ് ബോപലിലെ അവരുടെ വീടും ഇളയ മകൻ അരുണും നിരീക്ഷണത്തിൽ. അതേ സമുച്ചയത്തിലെ മറ്റു വീടുകളിൽ വേഷം മാറി പൊലീസ് താമസിച്ചത് മൂന്നു വർഷം. അതിനിടെ പ്രധാന വിവരം കിട്ടി; അന്നമ്മയുടെ മൂത്ത മകൻ ദക്ഷിണേന്ത്യയിലാണെന്ന്. അവരുടെ യാത്രകളിൽ പൊലീസ് പിന്നാലെ കൂടി. 

ബെംഗളൂരുവിൽ ഇവർ മിക്കവാറും പോകുന്ന വീട്ടിലെ യുവതിയുടെ പേര് നിഷ എന്നാണെന്നും ഭർത്താവ് പ്രവീണും രണ്ടു മക്കളുമുണ്ടെന്നും അറിഞ്ഞു. എന്നാൽ പ്രവീൺ  തരുൺ ആണെന്നു മനസ്സിലായില്ല. നിഷ ബന്ധുവിന്റെ മകളാണെന്നാണ് അന്നമ്മ പറഞ്ഞിരുന്നത്. 

അങ്ങനെയിരിക്കെ, അന്നമ്മയുടെ ഫോണിലേക്ക് ബെംഗളൂരുവിലെ ഐടി സ്ഥാപനത്തിലെ ലാൻഡ് ലൈനിൽ നിന്നു വിളി വന്നതാണു വഴിത്തിരിവായത്. വിളിച്ചതു പ്രവീൺ ആണന്നു മനസ്സിലായി. അതോടെ തരുൺ ആണിതെന്നു സംശയം ബലപ്പെട്ടു. തരുണിന്റെ ഫോട്ടോ സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. യഥാർഥ പ്രവീൺ ഭാട്ടലെ വടക്കേ ഇന്ത്യയിയിൽ അധ്യാപകനാണെന്നു വ്യക്തമായി; കുരുക്ക് മുറുകി.

Deepan-Chandran ദീപൻ ഭദ്രന്‍

വളഞ്ഞ മോതിരവിരൽ

ഡപ്യൂട്ടി കമ്മിഷണർ ദീപൻ ഭദ്രൻ പറയുന്നു: ‘‘കായികാധ്യാപകനായിരിക്കെ പരുക്കേറ്റതിനാൽ തരുണിന്റെ വലതുകയ്യിലെ മോതിരവിരൽ പ്രത്യേകരീതിയിൽ വളഞ്ഞിരിക്കും. തിരിച്ചറിയാനുള്ള മുഖ്യ അടയാളം. ഇൻസ്പെക്ടർ കിരൺ ചൗധരി മഫ്ടിയിൽ തരുണിന്റെ ഓഫിസിലെത്തി അയാളെ പുറത്തേക്കു വിളിച്ചു. 

പുറത്തെത്തിയ ഉടൻ തരുണിനു കൈകൊടുത്തു. മോതിര വിരൽ വളഞ്ഞാണ് ഇരിക്കുന്നതെന്നു മനസ്സിലാക്കി. തരുൺ അല്ലേയെന്ന് ചൗധരിയുടെ ചോദ്യം. പെട്ടെന്നു മുഖം വിളറിയെങ്കിലും അതെ എന്നു മറുപടി. ശരി,  പോകാം എന്നു പറഞ്ഞു കൂടെക്കൂട്ടി. അതായിരുന്നു ആ അറസ്റ്റ്. 15 വർഷം വൈകിയ അറസ്റ്റ്.’’

ഗാർഹികപീഡനക്കുറ്റത്തിന് തരുണിന്റെ മാതാപിതാക്കളെയും സഹോദരനെയും 2003ൽ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചു എന്ന കുറ്റവും അന്നമ്മയുടെ മേൽ  ചുമത്തും. 

പിടിയിലായതിനു തൊട്ടുപിന്നാലെ ചോദ്യങ്ങൾക്കൊന്നും കാക്കാതെ എല്ലാം തുറന്നു പറഞ്ഞ തരുണിന് അറിയേണ്ടിയിരുന്നത് ഒറ്റക്കാര്യം, ‘ സർ, ആരാണ് എന്നെ ഒറ്റിയത്?’

related stories