Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെ ആർഎസ്എസ് കാണുന്നത് ശിവലിംഗത്തിലെ തേളായി: തരൂർ

floccinaucinihilipilification-how-tharoor-introduced-his-new-book-on-modi

ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിൽ ഇരിക്കുന്ന തേളിനോട് ഒരു ആർഎസ്എസ് നേതാവ് ഉപമിച്ചതായി ശശി തരൂർ എംപി നടത്തിയ പരാമർശം വിവാദത്തിലേക്ക്. ആ തേളിനെ കൈകൊണ്ട് എടുത്തു മാറ്റാനോ ചെരിപ്പുകൊണ്ട് അടിക്കാനോ കഴിയാത്ത സ്ഥിതിയാണ്, അതുമായി ജീവിക്കുകയേ നിവർത്തിയുള്ളൂ.

ആർഎസ്എസിനു പോലും മോദിയെ നിയന്ത്രിക്കാനാകുന്നില്ലെന്ന അർഥത്തിൽ അവരുടെ നേതാവ് മാധ്യമപ്രവർത്തകനോടു പറഞ്ഞതാണ് ‘തേൾ’ പരാമർശമെന്നും തരൂർ പറഞ്ഞു. ബെംഗളൂരു സാഹിത്യോൽസവത്തിൽ ‘ദ് പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന മോദിയെ കുറിച്ചുള്ള തന്റെ പുസ്തകത്തിന്റെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു.

അതിനിടെ, ശിവഭക്തനാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ശിവലിംഗത്തെ അവഹേളിച്ചു കൊണ്ടുള്ള തരൂരിന്റെ വാക്കുകൾക്കു മറുപടി പറയണമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ഹിന്ദുമതത്തിൽ താലിബാൻ രീതികൾ കുത്തിനിറയ്ക്കാനാണു ബിജെപി ശ്രമിക്കുന്നതെന്ന തരൂരിന്റെ പരാമർശം നേരത്തേ വിവാദമായിരുന്നു.

കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ അവർ ഭരണഘടന വലിച്ചുകീറി പുതിയത് എഴുതുമെന്നും തരൂർ കഴിഞ്ഞ മാസം പ്രസംഗിച്ചിരുന്നു.

അത് പറഞ്ഞത് ആർഎസ്എസ്: ശശി തരൂർ

നരേന്ദ്രമോദി ശിവലിംഗത്തിൽ അള്ളിപ്പിടിച്ചു കിടക്കുന്ന തേളിനെപ്പോലെയാണ്, കൈ കൊണ്ട് എടുത്തുകളയാനോ ചെരിപ്പു കൊണ്ട് അടിക്കാനോ കഴിയില്ല’ എന്നത് എന്റെ വാചകങ്ങളല്ല. കാരവൻ മാഗസിനിൽ എഡിറ്റർ വിനോദ് കെ.ജോസ് എഴുതിയ ലേഖനത്തിൽ ഒരു ആർഎസ്എസ് നേതാവ് പറഞ്ഞതായുള്ള പരാമർശങ്ങളാണ്. ‘പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന പുസ്തകത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി ഈ ലേഖനം ഇന്റർനെറ്റിൽ ലഭ്യമാണ്.