Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ വില 10 ദിവസത്തിനകം അറിയിക്കണം: സുപ്രീം കോടതി; കേന്ദ്രസർക്കാരിന് തിരിച്ചടി

KTM_2ND_P01.indd

ന്യൂഡൽഹി∙ റഫാൽ യുദ്ധ വിമാനത്തിന്റെ വില ഉൾപ്പെടെ കരാറിലെ തന്ത്രപരവും രഹസ്യസ്വഭാവുള്ളതുമായ എല്ലാ വിവരങ്ങളും രഹസ്യരേഖയായി 10 ദിവസത്തിനകം കൈമാറാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചു. വിമാനങ്ങളുടെ വില, മെച്ചം തുടങ്ങിയ വിവരങ്ങളും ലഭ്യമാക്കണമെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ ഉദയ് ഉമേഷ് ലളിത്, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹർജികൾ 14നു വീണ്ടും പരിഗണിക്കും. 

വില സംബന്ധിച്ച കാര്യങ്ങൾ പാർലമെന്റിനെപ്പോലും അറിയിച്ചിട്ടില്ലെന്ന് അറ്റോർണി ജനറൽ (എജി) കെ.കെ.വേണുഗോപാൽ വാദിച്ചു. വില കോടതിയോടു പോലും വെളുപ്പെടുത്താനാവില്ലെങ്കിൽ അക്കാര്യം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. കോടതിക്കു നൽകുന്ന വിവരങ്ങളെല്ലാം ഒൗദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയിൽ പെടുമെന്ന് എജി പറഞ്ഞു.

അഭിഭാഷകരായ മനോഹർ ലാൽ ശർമ, വിനീത് ദണ്ഡ, പ്രശാന്ത് ഭൂഷൺ, എ.ബി. വാജ്പേയി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന അരുൺ ഷൂറി, യശ്വന്ത് സിൻഹ എന്നിവരുടെ പൊതു താൽപര്യ ഹർജികളാണു കോടതി പരിഗണിച്ചത്. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന്റെ ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ആരാണ് സഞ്ജയ് സിങ്? എന്താണ് അദ്ദേഹത്തിന്റെ താൽപര്യം? ഒട്ടേറെ പരാതികൾ പരിഗണിക്കാനാവില്ല – കോടതി പറഞ്ഞു. 

ഹർജിക്കാരെ 

അറിയിക്കേണ്ട 

കാര്യങ്ങൾ

∙ മുൻ നിർദേശപ്രകാരം കരാർ നടപടികളുടെ ചില വിവരങ്ങൾ രഹസ്യരേഖയായി കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച സുപ്രീം കോടതിക്കു നൽകിയിരുന്നു. വില, സാങ്കേതിക ഗുണം തുടങ്ങിയവ റിപ്പോർട്ടിൽ പറയേണ്ടതില്ലെന്നും കോടതി അന്നു പറഞ്ഞിരുന്നു. 

തങ്ങൾക്കു ലഭിച്ച രഹസ്യ റിപ്പോർട്ടിൽ, ന്യായമായും പരസ്യമാക്കപ്പെടാവുന്ന അടിസ്ഥാന വിവരങ്ങൾ ഹർജിക്കാർക്കു നൽകണമെന്നു കോടതി ഇന്നലെ നിർദേശിച്ചു. ഇന്ത്യയിലെ ഓഫ്സെറ്റ് കരാർ പങ്കാളിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും ഹർജിക്കാരുമായി പങ്കുവയ്ക്കണം. – കോടതി പറഞ്ഞു.

ആദ്യം സിബിഐ നേരെയാവട്ടെ

കരാറിനെക്കുറിച്ചു കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണമാണു വേണ്ടതെന്നു ഹർജിക്കാർ വാദിച്ചപ്പോൾ, അത് ഉടനെ പറ്റില്ലെന്നും ആദ്യം സിബിഐയിലെ കാര്യങ്ങൾ നേരെയാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.