Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ–നായിഡു ധാരണ; പ്രതിപക്ഷ ഐക്യം കൈപ്പാടരികെ

chandrababu-naidu-rahul-gandhi ഐക്യം പുതച്ച് : ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഷാൾ പുതപ്പിക്കുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചിത്രം:പിടിഐ

ന്യൂഡൽഹി ∙ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുന്നതിനു ദേശീയതലത്തിൽ ഒന്നിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾക്കിടയിൽ പ്രാഥമിക ധാരണ. ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എൻ. ചന്ദ്രബാബു നായിഡു മുൻകയ്യെടുത്ത ഐക്യനീക്കത്തിനു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൈകൊടുത്തു.
ശരദ് പവാർ (എൻസിപി), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), അജിത് സിങ് (ആർഎൽഡി) എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ നായിഡു, മൂവരുടെയും പിന്തുണ ഉറപ്പാക്കി. ഇതിനു പിന്നാലെ രാഹുലിനെ സന്ദർശിച്ച അദ്ദേഹം, പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കൂട്ടായ്മയിലേക്കു കോൺഗ്രസിനെ ക്ഷണിച്ചു; ഒന്നിച്ചു നീങ്ങാൻ ഒരുക്കമാണെന്നു രാഹുൽ മറുപടി നൽകി. സമാജ്‌വാദി പാർട്ടി നേതാക്കളായ മുലായം സിങ് യാദവിനെയും അഖിലേഷ് യാദവിനെയും നായിഡു പിന്നീട് സന്ദർശിച്ചു.

പ്രതിപക്ഷ തന്ത്രം

പ്രതിപക്ഷ കക്ഷികൾ വൈകാതെ ഡൽഹിയിൽ സംയുക്ത സമ്മേളനം നടത്തും. സമ്മേളനത്തിലേക്കു വിവിധ കക്ഷികളെ ക്ഷണിക്കുന്ന ചുമതല നായിഡുവിനാണ്. പവാറും മുൻകയ്യെടുക്കും. മായാവതി (ബിഎസ്പി), മമത ബാനർജി (തൃണമൂൽ കോൺഗ്രസ്) എന്നിവർ മനസ്സുതുറന്നിട്ടില്ല. ഇവരുമായി നായിഡു സമ്പർക്കത്തിലാണ്. തിരഞ്ഞെടുപ്പിനു മുൻപു പൊതു മിനിമം പരിപാടിക്കു രൂപം നൽകും. ‘രാജ്യത്തെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ബിജെപി വിരുദ്ധകക്ഷികളെ ഒന്നിപ്പിക്കുകയാണു സമ്മേളന ലക്ഷ്യം.

ഐക്യത്തിലേക്കുള്ള വഴി

കഴിഞ്ഞ ദിവസം നായിഡുവുമായി ബന്ധപ്പെട്ട അഖിലേഷ് യാദവ് ആണു കോൺഗ്രസിനെ ഒപ്പം കൂട്ടേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയത്. കോൺഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ താഴെയിറക്കുക അസാധ്യമാണെന്നു വിലയിരുത്തിയ നായിഡു കോൺഗ്രസുമായി ചർച്ചയ്ക്കു മുൻകയ്യെടുത്തു. കോൺഗ്രസിനെ ആവശ്യമാണെന്നു വ്യക്തമാക്കുമ്പോഴും രാഹുലിന്റെ പ്രധാനമന്ത്രിപദം സംബന്ധിച്ചു വാഗ്ദാനങ്ങൾ നൽകാൻ നായിഡു ഒരുക്കമല്ല. അതൊക്കെ തിരഞ്ഞെടുപ്പു കഴിഞ്ഞു തീരുമാനിക്കേണ്ട കാര്യമാണെന്നു രാഹുലിന്റെ സാന്നിധ്യത്തിൽ അദ്ദേഹം മാധ്യമപ്രവർത്തകരോടു വ്യക്തമാക്കി. രാഹുൽ മാത്രമല്ല, മറ്റു പലരും ആ പദവിക്കു യോഗ്യരാണെന്നു പിന്നീടു പറഞ്ഞ നായിഡുവിന്റെ വാക്കുകൾ മായാവതി, പവാർ ഉൾപ്പെടെയുള്ളവർക്കും പ്രതീക്ഷ നൽകും.

ആന്ധ്രയിൽ ഇനിയെന്ത്?

അടുത്ത വർഷം ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടക്കുന്ന ആന്ധ്രയിൽ കോൺഗ്രസും ടിഡിപിയും സഖ്യത്തിനു തയാറാവുമോയെന്ന ചോദ്യം ഇതോടെ പ്രസക്തമായി. സംസ്ഥാനതലത്തിൽ അത്തരമൊരു ഐക്യനീക്കത്തെ പരസ്യമായി തള്ളിപ്പറയാൻ നായിഡു തയാറായില്ല എന്നതു ശ്രദ്ധേയം. ഹൈക്കമാൻഡ് നിർദേശിച്ചാൽ, ഐക്യത്തിനു തടസ്സം നിൽക്കില്ലെന്നാണു കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ നിലപാട്.

കോൺഗ്രസിന്റെ സർവേ പ്രകാരം പ്രധാനമന്ത്രി പദത്തിലേക്കു രാഹുലിനെ ഏറ്റവുമധികം പേർ പിന്തുണയ്ക്കുന്നത് ആന്ധ്രയിലാണ്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്കു പ്രത്യേക സംസ്ഥാന പദവി നൽകുമെന്ന രാഹുലിന്റെ വാഗ്ദാനമാണ് അതിനുള്ള കാരണം.  തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ നടപ്പാക്കിയ ഐക്യ ഫോർമുല ആന്ധ്രയിലും പിന്തുടരുന്നതു സംബന്ധിച്ചു വൈകാതെ ഇരു കക്ഷികളും ചർച്ച നടത്തും.

തിരഞ്ഞെടുപ്പ് നാളെ ബിജെപി സ്ഥാനാർഥി  കോൺഗ്രസിൽ

ബെംഗളൂരു ∙ കർണാടക രാമനഗര ഉപതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ, ബിജെപിക്കു കനത്ത തിരിച്ചടിയായി പാർട്ടി സ്ഥാനാർഥി എൽ.ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു. ഇതോടെ, കോൺഗ്രസ്– ജനതാദൾ (എസ്) സഖ്യസ്ഥാനാർഥിയും മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാര്യയുമായ അനിത കുമാരസ്വാമിക്കു മൽസരം ഏകപക്ഷീയമായി. അഞ്ച് സ്വതന്ത്രരാണ് ഇനി മൽസരരംഗത്തുള്ളത്.

മൂന്നാഴ്ച മുൻപാണു ചന്ദ്രശേഖർ ബിജെപി ടിക്കറ്റിനായി കോൺഗ്രസ് വിട്ടത്. ബിജെപി സംസ്ഥാനാധ്യക്ഷൻ യെഡിയൂരപ്പ ഉൾപ്പെടെ നേതാക്കളാരും പ്രചാരണത്തിന് ഇറങ്ങാത്തതാണ് കോൺഗ്രസിലേക്കു മടങ്ങാൻ കാരണമെന്നാണു വിശദീകരണം. കോൺഗ്രസിന്റെ നിയമസഭാ കൗൺസിൽ അംഗം(എംഎൽസി) സി.എം ലിംഗപ്പയുടെ മകനാണ് ചന്ദ്രശേഖർ. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡ്യ, ബെള്ളാരി, ശിവമൊഗ്ഗ ലോക്സഭാ സീറ്റുകളിലും ജമഖണ്ഡി നിയമസഭാ സീറ്റിലും കോൺഗ്രസ്–ദൾ സഖ്യവും ബിജെപിയും തമ്മിൽ കടുത്ത മൽസരമാണ്.