Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസ്തറിന്റെ മുന്നേറ്റനിരയിലെ മലയാളിക്കരുത്ത്

Malayali-leaders എ. അനിൽ, ഭാര്യയും കിരാണ്ടൂൽ നഗരസഭാധ്യക്ഷയുമായ രാജിയോടൊപ്പം.

സിപിഐയുടെ ഉരുക്കു കോട്ടകളിലൊന്നാണ് ബസ്തർ. ഇരുമ്പയിര് ഫാക്ടറികളിലെ തൊഴിലാളികളെ സംഘടിപ്പിച്ചും ഗ്രാമങ്ങളിൽ പ്രവർത്തിച്ചും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നു. ഒരുകാലത്ത് ഒട്ടേറെ എംപിമാരും എംഎൽഎമാരും ഉണ്ടായിരുന്നെങ്കിലും ഛത്തീസ്ഗഡ് രൂപീകരണത്തിനുശേഷം ജയിക്കാനായില്ല. അവസാനത്തെ എംഎൽഎ നന്ദാറാം സോറിയാണ് ഇത്തവണയും മൽസരിക്കുന്നത്. 

ഇവിടെ പാർട്ടിയുടെ വളർച്ചയിൽ മലയാളികളുടെ പങ്കു വലുതാണ്. ദന്തേവാഡയിലെ പ്രധാന മുനിസിപ്പാലിറ്റികളിലൊന്നായ കിരാണ്ടൂലിലെ ചെയർപഴ്സൺ മലയാളിയായ രാജി അനിലാണ്. കൊല്ലം ഫാത്തിമ കോളജിൽ പഠിച്ച അഞ്ചാലുംമൂട് സ്വദേശി രാജി വിവാഹശേഷം 15 കൊല്ലം മുൻപാണ് ഇവിടെയെത്തുന്നത്. മൺറോതുരുത്ത് സ്വദേശിയായ ഭർത്താവ് എ. അനിൽ 17-ാം വയസ്സിൽ ജോലി തേടി ഇവിടെയെത്തിയതാണ്. ഫാക്ടറികളിലെ യൂണിയൻ സംഘാടകനായ അനിൽ ബസ്തർ മേഖലയിൽ സിപിഐയുടെ പ്രധാന മുഖങ്ങളിലൊന്നായി. ഇരുമ്പയിര് ഫാക്ടറിയിലെ കരാറുകാരനായി മാറിയ അനിൽ പിന്നീട് മുനിസിപ്പൽ വൈസ് ചെയർമാനുമായി. 

കിരാണ്ടൂൽ മുനിസിപ്പൽ അധ്യക്ഷ സ്ഥാനം വനിതാ സംവരണമായപ്പോഴാണ് രാജി മൽസരിക്കുന്നത്. സിപിഐ വനിതാ സംഘടനയുടെ ഛത്തീസ്ഗഡിലെ പ്രധാന നേതാവായ രാജിയും അനിലുമാണ് ദന്തേവാഡയിൽ പാർട്ടി സ്ഥാനാർഥിയുടെ പ്രചാരണങ്ങൾക്കു നേതൃത്വം നൽകുന്നത്. സിപിഐയുടെ ജില്ലാ സെക്രട്ടറിയും മലയാളിയാണ് – കെ.ഷാജി.

ഛത്തീസ്ഗഡിൽ അഞ്ചിടത്താണ് സിപിഐ മൽസരിക്കുന്നത്. ഇതിൽ ദന്തേവാഡ ഉൾപ്പെടെ രണ്ടു മണ്ഡലങ്ങളിൽ അജിത് ജോഗിയുടെ ജനതാ കോൺഗ്രസുമായി സഖ്യത്തിലാണ്. ഇത്തവണ സിപിഐ ദന്തേവാഡയിൽ ജയിക്കുമെന്ന് രാജി അനിൽ പറഞ്ഞു. 

ഏറെ മലയാളികൾ താമസിക്കുന്ന സ്ഥലമാണ് ദന്തേവാഡ. എൻഎംഡിസിയുടെ (നാഷനൽ മിനറൽസ് ഡവലപ്മെന്റ് കോർപറേഷൻ ) ഖനികളിലും ഫാക്ടറികളിലുമായി ഒട്ടേറെ മലയാളികളാണു വർഷങ്ങൾക്കുമുൻപ് ഇവിടെ ജോലി തേടിയെത്തിയത്. 90 അംഗ ഛത്തീസ്ഗഡ് നിയസമഭയിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 20ന് ആണ്.

related stories