Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സെമി’ ജയിച്ച് കർണാടക ഭരണമുന്നണി

Karnataka-congress-leaders കർണാടക ഉപതിരഞ്ഞെടുപ്പ് വിജയം ബെംഗളൂരുവിൽ ആഘോഷിക്കുന്ന പിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ.

1999. അന്ന് കോൺഗ്രസിന്റെ ഉറച്ച തട്ടകമായ ബെള്ളാരിയിൽ സോണിയ ഗാന്ധി, സുഷമ സ്വരാജിനോടു ജയിച്ചത് 56,100 വോട്ടിന്. ഇപ്പോൾ കോൺഗ്രസ് ജയം 2.43 ലക്ഷം വോട്ടിന്. ഭൂരിപക്ഷം പതിന്മടങ്ങ് വളരുന്നതിനിടെ ഒഴുകിപ്പോയത് കർണാടക രാഷ്ട്രീയത്തിൽ കാറ്റും കോളും നിറഞ്ഞ 14 വർഷം. 

രണ്ടായിരത്തിലെ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർഥി ജയിച്ചെങ്കിലും 2004നു ശേഷം ബിജെപി ‘ഖനി’ തുറന്നു. ജനാർദന– കരുണാകര റെഡ്ഡി സഹോദരൻമാരുടെ ഖനിപ്പണത്തിന്റെ കരുത്തിൽ ബിജെപി ജയം തുടർന്ന വർഷങ്ങൾ.  ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് –ജനതാദൾ മുന്നണി നേടിയ ഗംഭീരവിജയത്തിൽ ഏറ്റവും തിളക്കം ബെള്ളാരി തിരിച്ചുവരവിന് ആകുന്നതും അതുകൊണ്ടു തന്നെ. 

വിജയം നൽകുന്ന ഉത്തരങ്ങൾ

അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസും ദളും രൂപീകരിച്ച സർക്കാർ മുന്നോട്ടുപോയതു വിട്ടുവീഴ്ചകളിലൂടെയും അഭിപ്രായവ്യത്യാസങ്ങളെ പക്വതയോടെ നേരിട്ടും. വലിയ പാർട്ടിയായിട്ടും കൂടുതൽ സീറ്റുകൾ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രിപദം വിട്ടുകൊടുത്തു കോൺഗ്രസ് പുതിയ രാഷ്ട്രീയ പാഠം തുറന്നു. 

മുറുമുറുപ്പുകൾ കെട്ടടങ്ങിയില്ലെങ്കിലും അവയെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ ഇരുപാർട്ടികളും വിജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള ‘സെമി ഫൈനലിൽ’ ജയിക്കുകയും ചെയ്തു. 

‘ട്രബിൾ ഷൂട്ടർ’ മന്ത്രി ഡി.കെ. ശിവകുമാറിനെത്തന്നെയാണു ബെള്ളാരി ചുമതല കോൺഗ്രസ് ഏൽപിച്ചത്. ഖനിലോബിക്കെതിരെ സമരം നയിച്ച, നിയമസഭാ കൗൺസിൽ അംഗം (എംഎൽസി) വി.എസ്.ഉഗ്രപ്പയെ സ്ഥാനാർഥിയാക്കിയതും ശിവകുമാറിന്റെ ഇടപെടലിൽ. സഖ്യത്തിലെ പരിഭവങ്ങൾ മുതലാക്കി ചാക്കിട്ടുപിടിക്കാൻ കാത്തുനിന്ന ബിജെപി നേതാക്കളുടെ കയ്യിൽ നിന്ന് ഒരു കോൺഗ്രസ് നേതാവിനെ കയ്യോടെ തിരിച്ചു പിടിച്ചു കൊണ്ടുവന്നതും ശിവകുമാർ ഇഫക്ട്. 

ഓൾഡ് മൈസൂരുവിന്റെ രാഷ്ട്രീയം

കോൺഗ്രസും ദളും പരസ്പരം പൊരുതിയിരുന്ന പഴയ മൈസൂരു മേഖലയിൽ അവർ ഒരുമിക്കുന്നതു ഫലിക്കുമോ എന്ന ചോദ്യത്തിനു മണ്ഡ്യയുടെയും രാമനഗരയുടെയും മറുപടി ‘വൻവിജയം’. കോൺഗ്രസിലെ ഒരു വിഭാഗം നോട്ടയ്ക്ക് വോട്ടു കുത്തുമെന്നു ഭീഷണിപ്പെടുത്തിയ അണികളെ അനുനയിപ്പിക്കാനായതാണു നേട്ടമായത്.

ശിവമൊഗ്ഗയിലും പതറി ബിജെപി

ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ യെഡിയൂരപ്പയുടെ തട്ടകമായ ശിവമൊഗ്ഗയിൽ ഭരണസഖ്യം പുറത്തെടുത്ത ശക്തമായ പ്രചാരണ തന്ത്രമാണ്, മകൻ ബി.വൈ രാഘവേന്ദ്രയുടെ ഭൂരിപക്ഷം കാര്യമായി കുറച്ചത്. 

സിറ്റിങ് സീറ്റാണെങ്കിലും ജമഖണ്ഡി നിയമസഭാ മണ്ഡലത്തിലും കോൺഗ്രസ് പഴുതടച്ച പ്രചാരണം നടത്തിയതോടെ ഭൂരിപക്ഷം പതിന്മടങ്ങ് കൂടി. നേരത്തെ, തിരഞ്ഞെടുപ്പ് നീട്ടിവച്ചിരുന്ന രണ്ടു നിയസഭാമണ്ഡലങ്ങളിൽ പിന്നീട് മൽസരം നടന്നപ്പോഴും വിജയം ഭരണമുന്നണിക്കൊപ്പമായിരുന്നു.

ലിംഗായത്ത്, അഹിന്ദ

കോൺഗ്രസ് വിജയം ലിംഗായത്ത് സമുദായപിന്തുണ കൊണ്ടു കൂടിയാണെന്നതു സഖ്യത്തിനു കരുത്തുപകരും. പ്രത്യേകിച്ച്,  ലിംഗായത്ത്  മതരൂപീകരണത്തിന് അനുകൂലമായി കോൺഗ്രസ് നിലപാടെടുത്തിന് എതിരെ യെഡിയൂരപ്പ വൻ പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ. അതിനുമപ്പുറം സിദ്ധരാമയ്യയുടെ അഹിന്ദ  (പിന്നാക്ക, ന്യൂനപക്ഷ, ദലിത്) നയം കോൺഗ്രസിന് വലിയ മുതൽക്കൂട്ടാണെന്നും.