Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ചൈനീസ് അതിർത്തിയിൽ

Prime Minister with soldiers ആഘോഷങ്ങൾക്കൊപ്പം: ഉത്തരാഖണ്ഡിലെ അതിർത്തിഗ്രാമമായ ബഗോറിയയിൽ സ്ഥിതിചെയ്യുന്ന ഹർഷിൽ കന്റോൺമെന്റിൽ, സൈനികർക്കൊപ്പം മധുരം പങ്കിട്ട് ദീപാവലി ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രം:പിടിഐ

ഉത്തരകാശി (ഉത്തരാഖണ്ഡ്)∙ മഞ്ഞുമൂടിയ ചൈന അതിർത്തിയിൽ, സമുദ്രനിരപ്പിൽനിന്ന് 7860 അടി ഉയരത്തിൽ, കരസേനയിലെയും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിലെയും ഭടന്മാർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചു. ഉത്തരകാശി ജില്ലയിലെ അതിർത്തി ഗ്രാമമായ ബഗോറിയയിലെ ഹർഷിൽ കന്റോൺമെന്റിൽ സൈനികർക്കു മധുരം നൽകിയാണു പ്രധാനമന്ത്രി ആഘോഷത്തിനു തിരികൊളുത്തിയത്. കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഒപ്പമുണ്ടായിരുന്നു.

തുടർച്ചയായ 5–ാം വർഷമാണു മോദി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അരുണാചൽ പ്രദേശിലെ ചൈന അതിർത്തിയായ ദാവു– ദെലായിയിലും ലോഹിത് വാലിയിലും സൈനികരെ നേരിൽക്കണ്ട് ആശംസകൾ നേർന്നു.

‘രാജ്യത്തെ 125 കോടി ജനങ്ങളെ സുരക്ഷിതക്കുന്നത് സൈനികരുടെ സേവനമാണ്. ദീപാവലിയിൽ പ്രകാശം പരത്തുന്ന മൺചെരാതുകൾക്കു തുല്യരാണു നിങ്ങൾ. സ്വയം എരിഞ്ഞ് മറ്റുള്ളവർക്കു പ്രകാശം ചൊരിയുന്നു – മോദി പറഞ്ഞു. ഒന്നര മണിക്കൂർ സൈനികർക്കൊപ്പം ചെലവഴിച്ച പ്രധാനമന്ത്രി നാട്ടുകാരുമായും കുശലം പറഞ്ഞു. പിന്നീട് അദ്ദേഹം കേദാർനാഥ് സന്ദർശിച്ചു. 2013 ലെ മിന്നൽ പ്രളയത്തിൽ തകർന്നടിഞ്ഞ ക്ഷേത്രപരിസരത്തെ പുനർനിർമാണ ജോലികൾ ചുറ്റിനടന്നു കണ്ടു.

ദീപാവലി മധുരം കൈമാറി ഇന്ത്യ– പാക്ക് സേനകൾ

അട്ടാരി (അമൃത്‌സർ) ∙ ദീപാവലി ദിനത്തിൽ അട്ടാരി– വാഗ അതിർത്തിയിലെ ഇന്ത്യ, പാക്ക് സേനാംഗങ്ങൾ മധുര പലഹാരങ്ങൾ കൈമാറി. വിശേഷാവസരങ്ങളിൽ ഇതു പതിവാണെങ്കിലും അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന് പലഹാര കൈമാറ്റം വേണ്ടെന്നുവച്ചിരുന്നു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യയിലെ ഹിന്ദു സമൂഹത്തിനു ദീപാവലി ആശംസകൾ നേർന്നു. ദേശീയ അസംബ്ലി സ്പീക്കർ അസാദ് ക്വെയ്സർ, മന്ത്രിമാരായ ഷാ മഹ്മൂദ് ഖുറേഷി, ആസാദ് ഉമർ, ഫവാദ് ചൗധരി എന്നിവരും സിന്ധ് ഗവർണർ ഇമ്രാൻ ഇസ്മയിലും ആശംസകളർപ്പിച്ചു. ദീപാവലി ആശംസ നേർന്ന പാക്ക് പ്രതിപക്ഷ നേതാവ് ഷഹ്ബാസ് ഷരീഫ് ഹിന്ദു സമൂഹത്തിനു തുല്യനീതിക്ക് അർഹതയുണ്ടന്നു പ്രസ്താവിച്ചതായി ഡോൺ റിപ്പോർട്ട് ചെയ്തു.

related stories