Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ– ചൈന ഹോട്ട് ലൈൻ: സെക്രട്ടറിമാരുടെ യോഗം 13ന്

India, China Flag

ന്യൂഡൽഹി ∙ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സൈനികതലത്തിൽ 2 ഹോട്ട് ലൈനുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ 13 ,14 തീയതികളിൽ ചേരുന്ന പ്രതിരോധ സെക്രട്ടറിമാരുടെ യോഗം തീരുമാനമെടുക്കും. ഇന്ത്യ– ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക പ്രതിനിധികളുടെ ചർച്ച 23 മുതൽ 3 ദിവസം നടക്കും.

രണ്ടു സൈനിക ആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഒരു ഹോട്ട് ലൈൻ. രണ്ടാമത്തെ ഹോട്ട് ൈലൻ ചൈനീസ് സൈന്യത്തിന്റെ (പിഎൽഎ) പശ്ചിമ കമാൻഡിനെ ഇന്ത്യയുടെ ഒരു കമാൻഡറുമായി ബന്ധിപ്പിക്കും. ടിബറ്റും ഷിൻജിയാങും ഉൾപ്പെടെയുള്ള പ്രദേശത്തിന്റെ ചുമതല പി‌എൽ‌എയുടെ പശ്ചിമ കമാൻഡിനാണ്. എന്നാൽ, ഇന്ത്യൻ സേനയിൽ വടക്ക്, മധ്യ, കിഴക്ക് കമാൻഡർമാർ മൂവരും ഈ മേഖലകളുടെ മേൽനോട്ടം വഹിക്കുന്നുണ്ട്. അവരിൽ ആരുമായാണ് ഹോട്ട്‌ലൈൻ ബന്ധം സ്ഥാപിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല.

2019 ൽ ഇന്ത്യയും ചൈനയും ചേർന്നുള്ള സൈനിക പരിശീലനത്തിന്റെ തീയതികളും പ്രതിരോധ സെക്രട്ടറിമാരുടെ ചർച്ചയിൽ തീരുമാനിക്കും. ദോക് ലാ ഏറ്റുമുട്ടൽ കാരണം കഴിഞ്ഞ വർഷം ഈ പരിശീലനം നടന്നിരുന്നില്ല. പാക്കിസ്ഥാന്റെ ഇന്ത്യ വിരുദ്ധ നിലപാടുകൾക്കു ചൈന പിന്തുണ നൽകുന്നതിനാൽ അതൃപ്തി നിറഞ്ഞ സാഹചര്യത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്.