Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർബിഐ ബോർഡ് യോഗം 19ന്; ഉർജിത് പട്ടേൽ രാജിവയ്ക്കുമെന്ന് അഭ്യൂഹം

ഉർജിത് പട്ടേൽ ഉർജിത് പട്ടേൽ

ന്യൂഡൽഹി ∙ പ്രവർത്തന സ്വാതന്ത്ര്യത്തെച്ചൊല്ലി കേന്ദ്രസർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ഉർജിത് പട്ടേൽ ഈ മാസം 19 ന്റെ ആർബിഐ ബോർഡ് യോഗത്തിൽ രാജിപ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായി. ആർബിഐയുടെ കരുതൽ ധനശേഖരത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ കൈമാറണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.

2013 ൽ ആർബിഐ ഡപ്യൂട്ടി ഗവർണറായ ഉർജിത്, 2016 സെപ്റ്റംബറിൽ രഘുറാം രാജന്റെ പിൻമാഗിയായാണു ഗവർണറായത്. കോൺഗ്രസിലെ എം.വീരപ്പമൊയ്‌ലി അധ്യക്ഷനായ ധനമന്ത്രാലയ പാർലമെന്ററി സ്ഥിരം സമിതി മുൻപാകെ ഈ മാസം 12ന് ഉർജിത് ഹാജരാകേണ്ടതാണ്. തിരക്കുള്ളതിനാൽ അതു സാധ്യമാവില്ലെന്ന് ഉർജിത് വ്യക്തമാക്കിയതായാണു സൂചന. ഇതും രാജിസാധ്യതയെ ബലപ്പെടുത്തുന്നു.

ആർബിഐയുടെ കരുതൽ ധനശേഖരത്തിന്റെ മൂന്നിലൊന്നും കൈമാറുന്നതിനു പുറമെ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണു കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. പ്രതിസന്ധിയുള്ള പൊതുമേഖലാ ബാങ്കുകൾക്കു മൂലധന ആസ്തി മെച്ചപ്പെടുത്താനും ആർബിഐയുടെ സഹകരണം വേണം. ബാങ്കുകളുടെ വിശ്വാസ്യതയും സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതയും മുൻനിർത്തി കേന്ദ്രത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നാണ് ആർബിഐയുടെ നിലപാട്.

സേവന, ക്ഷേമ, വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചു പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ തയാറെടുക്കുന്ന എൻഡിഎ സർക്കാരിനെ ബുദ്ധിമുട്ടിക്കുന്നതാണ് ആർബിഐയുടെ നിലപാട്. ഭരണത്തിലുള്ളവരുടെ താൽപര്യങ്ങൾ മാത്രം പരിഗണിച്ചു നടപടികളെടുക്കുന്നതു വലിയ സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുമെന്ന് ആർബിഐ വാദിക്കുന്നു. ഇതിനിടെ, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനികൾക്കു വിദേശത്തുനിന്നു വാങ്ങാവുന്ന വായ്പകളുടെ (ഇസിബി) വ്യവസ്ഥകളിൽ ചില ഇളവുകൾ ആർബിഐ പ്രഖ്യാപിച്ചു.