Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് സഖ്യം: 4 സീറ്റെന്ന ആവശ്യത്തിലുറച്ച് സിപിഐ

CPI Logo

ന്യൂഡൽഹി∙ തെലങ്കാനയിൽ കോൺഗ്രസ് നയിക്കുന്ന സഖ്യത്തിലുൾപ്പെടുന്ന സിപിഐ, 4 സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. വൈറ, സംവരണ മണ്ഡലങ്ങളായ ബല്ലംപള്ളി ,ഹുസാനബാദ് എന്നിങ്ങനെ 3 സീറ്റുകളാണു നിലവിൽ സിപിഐക്ക് നൽകിയിട്ടുള്ളത് . ഇവ കൂടാതെ നൽഗൊണ്ട പാർലമെന്റ് മണ്ഡലത്തിലെ ഒരു സീറ്റു കൂടി വേണമെന്നു പാർട്ടി ആവശ്യപ്പെടുന്നു. എന്നാൽ, നിയമസഭയിലേക്കു 3 സീറ്റുകൊണ്ടു തൃപ്തിപ്പെടണമെന്നും ലെജിസ്‌ലേറ്റിവ് കൗൺസിലിലേക്ക് 2 സീറ്റു നൽകാമെന്നുമാണു സിപിഐയോടു കോൺഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. കോൺഗ്രസും ടിഡിപിയും ഉൾപ്പെടുന്ന മുന്നണിയിലാണ് സിപിഐ തെലങ്കാനയിൽ മൽസരിക്കുന്നത്. 

എന്നാൽ, ബഹുജൻ ഇടതു മുന്നണിക്കു(ബിഎൽഎഫ്) േനതൃത്വം നൽകുന്ന സിപിഎം  21 സീറ്റിലെങ്കിലും  മൽസരിക്കും. 28 രാഷ്ട്രീയ, സാമൂഹിക, ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മാണ് ബിഎൽഎഫ്.ബിഎൽഎഫും ബിഎസ്പിയും സംയുക്തമായി ആകെയുള്ള 119 മണ്ഡലങ്ങളിലും മൽസരിക്കുന്നുണ്ട്. ഒരു സീറ്റുപോലും ബിഎൽഎഫ് നേടില്ലെന്നാണ് സിപിഎം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഉടനെയുള്ള നേട്ടമല്ല, ഭാവിയാണ് ലക്ഷ്യമെന്നു ബിഎൽഎഫിനു മുൻകൈയെടുത്തവർ വാദിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി തമ്മെനേനി വീരഭദ്രമാണ് ബിഎൽഎഫ് കൺവീനർ.ഇദ്ദേഹം ടിആർഎസിനെ സഹായിക്കാൻ താൽപര്യപ്പെടുന്നുവെന്നും  ടിആർഎസ് വിരുദ്ധ വോട്ട് പിളർത്താൻ മാത്രമേ ബിഎൽഎഫ് ഉപകരിക്കുള്ളുവെന്നും വിമർശനമുണ്ട്. 

ചില തിരഞ്ഞെടുപ്പു സർവേകൾ കോൺഗ്രസ് – ടിഡിപി – സിപിഐ മുന്നണിക്കു മുൻതൂക്കം സൂചിപ്പിക്കുന്നു. കോൺഗ്രസുമായി സഹകരിച്ച് സിപിഐ നേട്ടമുണ്ടാക്കിയാൽ സിപിഎം സംസ്ഥാന ഘടകത്തിന്റെ നിലപാട് ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇപ്രകാരം സംഭവിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കാൻ സിപിഎം നിർബന്ധിതരാകുന്ന സാഹചര്യമുണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്. 

ബിജെപി വിരുദ്ധ കക്ഷികളുടെ യോഗം 22ന്

ന്യൂഡൽഹി∙ ബിജെപി വിരുദ്ധ പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗം  22നു ഡൽഹിയിൽ നടക്കുമെന്നു സൂചന. പ്രതിപക്ഷ ഐക്യ നീക്കത്തിന്റെ മുൻനിരയിലുള്ള ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡുവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് നടത്തിയ ചർച്ചയിലാണു പ്രാഥമിക ധാരണയായത്. ഐക്യനിരയിലേക്കു ക്ഷണിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ നായിഡു സന്ദർശിക്കും.