Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷാ പേർഷ്യൻ പേര്, ആദ്യം അതു മാറ്റണം: ഇർഫാൻ ഹബീബ്

Amit Shah

ന്യൂഡൽഹി∙ സ്ഥലനാമങ്ങൾ രാഷ്ട്രീയതാൽപര്യങ്ങൾക്കനുസരിച്ചു മാറ്റുന്ന ബിജെപിയുടെ നടപടിയെ പരിഹസിച്ചു ചരിത്രകാരൻ ഇർഫാൻ ഹബീബ്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പേരിൽ പേർഷ്യൻ വേരുകളുണ്ടെന്നും ഇതു മാറ്റുന്നതാണ് ബിജെപി ആദ്യം പരിഗണിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഗുജറാത്ത് എന്ന പേരിനു പിന്നിലും പേർഷ്യൻ വേരുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാമികമല്ലാത്ത എല്ലാ പേരുകളും പാക്കിസ്ഥാനിൽ തുടച്ചു നീക്കുന്നതിനു തുല്യമായ നടപടിയാണ് ബിജെപി സർക്കാരിന്റേതെന്നു വിമർശിച്ചു.

ഒരു വർഷത്തിനിടെ  രാജ്യത്തു പേരു മാറ്റിയത്  25 സ്ഥലങ്ങൾക്ക്

ന്യൂഡൽഹി∙ കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തു പേരുമാറാൻ അനുവാദം നൽകിയത് 25 സ്ഥലങ്ങൾക്ക്.  ബിജെപിയുടെ രാഷ്ട്രീയതാൽപര്യത്തിന്റെ പ്രതിഫലനമായിരുന്നു പേരുമാറ്റത്തിലേറെയും. ഇതിനിടെ, ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അലഹബാദിനെ പ്രയാഗ്‌രാജ് ആക്കാനും ഫൈസാബാദിനെ അയോധ്യയാക്കാനുമുള്ള ശുപാർശ കേന്ദ്രത്തിനു ലഭിച്ചിട്ടില്ലെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

മലപ്പുറത്തെ അരീക്കോട് ഇംഗ്ലീഷിലെഴുമ്പോൾ ഉണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിച്ചതടക്കമുള്ള ചില മാറ്റങ്ങളും ഒരു വർഷത്തിനിടെ ഉണ്ടായതാണ്. അരിക്കോടിനു പുറമേ, കേരളത്തിൽനിന്നു പേരുമാറ്റത്തിനു സർക്കാർ ശുപാർശയുള്ളത് കാസർകോട് ജില്ലയിലെ പള്ളിക്കരയ്ക്കും തൃശൂർ ജില്ലയിലെ കല്ലൂർ വടക്കുംമുറി ഗ്രാമത്തിനുമാണ്. പള്ളിക്കര കോട്ടിക്കുളമെന്നും വടക്കുംമുറി കാടുകുറ്റിയെന്നും പേരുമാറ്റാനാണു ശുപാർശ. 

പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ പേരു ബംഗ്ല എന്നു മാറ്റണമെന്നതടക്കമുള്ള നിർദേശങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ അനുമതിയോടെയെ പേരുമാറ്റ നടപടികൾ പൂർണമാവു. ആഗ്രയുടെ പേര് ആഗ്രവാൻ അല്ലെങ്കിൽ അഗർവാൾ എന്നോ മുസഫർനഗറിന്റെ പേര് ലക്ഷ്മി നഗറെന്നോ ആക്കണമെന്നു ബിജെപി എംഎൽഎമാരായ ജഗൻ പ്രസാദും സംഗീത് സോമും ആവശ്യപ്പെട്ടതോടെയാണ് ചർച്ചകൾക്കു ചൂടുപിടിച്ചത്. മുഗൾസരായ് റെയിൽവേ സ്റ്റേഷന് ആർഎസ്എസ് സൈദ്ധാന്തികൻ ദീന ദയാൽ ഉപാധ്യയയുടെ പേരു നൽകിയ യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടിയും ചർച്ചയായിരുന്നു. 

മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ഒസ്മാനാബാദ് എന്നിവയുടെ പേര് യഥാക്രമം സംഭാജി നഗർ, ധാരശിവ് നഗർ എന്നിങ്ങനെ മാറ്റണമെന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യം ഉന്നയിച്ചിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ നടപടികളിൽനിന്നു പ്രേരണ ഉൾക്കൊണ്ട് പേരുമാറ്റവുമായി കൂടുതൽ സംസ്ഥാനങ്ങൾ രംഗത്തുവരികയാണ്. അഹമ്മദാബാദിന്റെ പേര് കർണവതിയെന്നാക്കുമെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ഹൈദരാബാദിന്റെ അടക്കം പേരുമാറ്റുമെന്നായിരുന്നു ബിജെപി നേതാവ് രാജാ സിങ്ങിന്റെ വാഗ്ദാനം.