Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളക്കണക്ക്; ആർബിഐയുടെ പണം എടുത്താൽ ദുരന്തം: ചിദംബരം

P. Chidambaram

ന്യൂഡൽഹി∙ രണ്ടാം യുപിഎ സർക്കാരിന്റെ അവസാന വർഷത്തിൽ (2013–14) ധനക്കമ്മി 5.1 ശതമാനമായിരുന്നുവെന്ന സാമ്പത്തിക കാര്യസെക്രട്ടറി സുഭാഷ്ചന്ദ്ര ഗാർഗിന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് മുൻ ധനമന്ത്രി പി.ചിദംബരം. ധനക്കമ്മി 4.4 ശതമാനമെന്നാണ് ഒൗദ്യോഗിക കണക്കെന്നും സംഖ്യകളിൽ കൃത്രിമം കാട്ടുന്നതു നല്ല ഭരണരീതിയല്ലെന്നു  ചിംദബരം പറഞ്ഞു. 

ആർബിഐ ബോർഡിന്റെ 19 ലെ യോഗത്തിൽ ഏറ്റവും മോശമായ കാര്യം സംഭവിക്കുമെന്നു  ഭയക്കുന്നു. ഗവർണർ രാജിവച്ചാലും കരുതൽ ശേഖരത്തിൽനിന്നു പണം സർക്കാരിനു കൈമാറാൻ തീരുമാനിച്ചാലും ദുരന്തമായിരിക്കും ഫലം. ആർബിഐ നിയമത്തിലെ 7–ാം വകുപ്പ് സർക്കാർ പ്രയോഗിച്ചു കഴിഞ്ഞു. ബിജെപി സർക്കാരിന്റെ തെറ്റായ നടപടികൾ മൂലമുണ്ടാകാവുന്ന ദുരന്തത്തെക്കുറിച്ച് ജനത്തിനു മുന്നറിയിപ്പു നൽകേണ്ടതു തന്റെ ഉത്തരവാദിത്തമായി കരുതുന്നുവെന്ന് ചിദംബരം പറഞ്ഞു. 

റിസർവ് ബാങ്കിന്റെ (ആർബിഐ) കരുതൽ ധനശേഖരത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ സർക്കാർ ആവശ്യപ്പെട്ടെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണു സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാർഗ് കഴിഞ്ഞ ദിവസം ധനക്കമ്മിയെക്കുറിച്ചു പറഞ്ഞത്.

 ‘ആർബിഐയിൽനിന്ന് 3.6 ലക്ഷം കോടിയോ ഒരു ലക്ഷം കോടിയോ കൈമാറുന്നതിനു പദ്ധതിയില്ല. സർക്കാരിനു പണത്തിന്റെ അത്യാവശ്യമില്ല. 2013–14ൽ ധനക്കമ്മി 5.1 ശതമാനമായിരുന്നു.  2014–15മുതൽ ഇതു ഗണ്യമായി കുറയ്ക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ട്. നടപ്പുവർഷം ധനക്കമ്മി 3.3 ശതമാനമായിരിക്കും. ആർബിയുടെ മൂലധനശേഷി ഉചിതമായ രീതിയിൽ നിജപ്പെടുത്താൻ മാത്രമാണു ചർച്ച നടക്കുന്നതെന്നു ഗാർഗ് പറഞ്ഞിരുന്നു. 

എന്നാൽ, ധനക്കമ്മി കുറയ്ക്കാനും തിരഞ്ഞെടുപ്പു വർഷത്തിൽ ചെലവഴിക്കാനുമായി ആർബിഐയിൽനിന്ന് ഒരു ലക്ഷം കോടി രൂപ വശത്താക്കാനാണു സർക്കാരിന്റെ ശ്രമമെന്ന് ചിദംബരം പറഞ്ഞു. ബിജെപിക്ക് ആർബിഐയുടെ ചുമതലയെക്കുറിച്ച് ധാരണയില്ല. ബാങ്ക് ഗവർണറുടെ സ്വാതന്ത്ര്യത്തെ അവർ മാനിക്കുന്നുമില്ല. ബാങ്ക് ബോർ‍ഡിലെ തങ്ങളുടെ നോമിനികളെ ഉപയോഗിച്ച് ഗവർണറുടെ നിലപാടിനെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നത്. നോട്ടു നിരോധനത്തിനു സർക്കാർ പറഞ്ഞ കാരണങ്ങളെ ആർബിഐ തള്ളിക്കളഞ്ഞെന്നാണ് 2016 നവംബർ 8ന്റെ ബോർഡ് യോഗത്തിന്റെ മിനുറ്റ്സിൽനിന്നു വ്യക്തമായത്.