Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലോക് വർമക്കെതിരായ ആരോപണം: സിവിസി റിപ്പോർട്ട് കോടതിയിൽ

Alok Kumar Verma, M Nageswar Rao ആലോക് വർമ, നാഗേശ്വര റാവു

ന്യൂഡൽഹി∙ സിബിഐ ഡയറ്കടർ സ്ഥാനത്തുനിന്നു സർക്കാർ ഒഴിവാക്കിയ ആലോക് വർമയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് കേന്ദ്ര വിജിലൻസ് കമ്മിഷൻ (സിവിസി) നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോർട്ട് രഹസ്യരേഖയായി സുപ്രീം കോടതിക്കു കൈമാറി. റിപ്പോർട്ട് നൽകുന്നതു വൈകിച്ചതിനെ കോടതി വിമർശിച്ചു. ഹർജികൾ 16നു പരിഗണിക്കാൻ മാറ്റി.

ഇന്നലെ ഉച്ചയ്ക്കാണ് സിവിസി റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ 23 മുതൽ 26 വരെയെടുത്ത തീരുമാനങ്ങളുടെ വിവരങ്ങൾ സിബിഐ ഡയറക്ടറുടെ ചുമതലയുള്ള എം.നാഗേശ്വര റാവു കോടതിക്കു നൽകി. സുപ്രീം കോടതി മുൻ ജഡ്ജി എ.കെ.പട്നായിക്കിന്റെ മേൽനോട്ടത്തിൽ സിവിസി നടത്തിയ അന്വേഷണം 10നു പൂർത്തിയായെന്ന് സോളിസിറ്റർ ജനറൽ(എസ്ജി) തുഷാർ മേത്ത പറഞ്ഞു. ഇന്നലെ രാവിലെ 11.30നകം റിപ്പോർട്ട് നൽകണമെന്നാണു കോടതി നിർദേശിച്ചിരുന്നത്. ഒരു മണിക്കൂർ വൈകി. 

സുപ്രീം കോടതി റജിസ്ട്രി ഞായറാഴ്ച ഉച്ചയ്ക്ക് 12.30വരെ പ്രവർത്തിച്ചെന്നും റിപ്പോർട്ട് വൈകുമെന്നറിയിക്കാൻ പോലും സിവിസി തയ്യാറായില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. തുടർന്ന്, എസ്ജി ക്ഷമ ചോദിച്ചു. റിപ്പോർട്ട് പരിശോധിക്കാൻ കോടതിക്കു സമയം ലഭിക്കഞ്ഞതിനാലാണ് കേസ് മാറ്റിവച്ചത്.

നയപരമായ തീരുമാനങ്ങൾക്ക് കോടതിയുടെ വിലക്കുണ്ടെങ്കിലും നാഗേശ്വര റാവു ചില കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നതു തുടരുന്നുണ്ടെന്ന് കോമൺ കോസിനുവേണ്ടി ഹാജരായ ദുഷ്യന്ത് ദവെ പറഞ്ഞു.

കഴിഞ്ഞ 26 വരെയുള്ള നടപടികൾ മാത്രമാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഉത്തരവിനു വിരുദ്ധമായ തീരുമാനങ്ങളുണ്ടെങ്കിൽ കോടതിയുടെ ശ്രദ്ധയിൽപെടുത്താമെന്നും അതാണ് ഉത്തരവിന്റെ അന്തസ്സത്തയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.