Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ കരാർ എല്ലാ നടപടിക്രമങ്ങളും പാലിച്ച്: കോടതിയിൽ കേന്ദ്ര സർക്കാർ

KTM_2ND_P01.indd

ന്യൂഡൽഹി∙ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റഫാൽ യുദ്ധ വിമാന കരാർ ഒപ്പുവച്ചതെന്ന് സുപ്രീം കോടതി നിർദേശപ്രകാരം ഹർജിക്കാർക്കു ലഭ്യമാക്കിയ രേഖയിൽ കേന്ദ്രസർക്കാർ അവകാശപ്പെട്ടു. വിമാന ഇടപാടിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് മനോഹർ ലാൽ ശർമ, വിനീത് ദണ്ഡ, പ്രശാന്ത് ഭൂഷൺ, വാജ്പേയി മന്ത്രിസഭയിലുണ്ടായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ തുടങ്ങിയവർ നൽകിയ പൊതു താൽപര്യ ഹർജികൾ സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കും.

എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്നു സർക്കാർ അവകാശപ്പെടുന്നുവെങ്കിലും അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഓഫ്സെറ്റ് പങ്കാളിയാക്കിയ നടപടിയിൽ പിഴവുണ്ടെന്നാണ് സർക്കാരിന്റെ രേഖയിൽനിന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാകുന്നത്. ഒപ്പം, ഫ്രഞ്ച് സർക്കാരുമായി കരാറുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചശേഷം മാത്രം വിഷയം പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടതിന്റെ ഒൗചിത്യവും ചോദ്യമുയർത്തുന്നതാണ്.

കരാറുണ്ടാക്കുന്നതിന് ദിവസങ്ങൾ മുൻപു മാത്രമാണ് റിലയൻസ് ഡിഫൻസ് രൂപീകരിക്കപ്പെട്ടതെന്നാണ് ആരോപണമുയർന്നിട്ടുള്ളത്. എന്നാൽ, ഉപകരണങ്ങളുടെ ഉൽപാദനത്തിലും ആവശ്യമായ സേവനങ്ങൾ നൽകുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ സ്ഥാപനമായിരിക്കണം ഓഫ്സെറ്റ് പങ്കാളിയെന്നാണ് വ്യവസ്ഥകൾ സംബന്ധിച്ച് സർക്കാർ രേഖയിൽ പറയുന്നത്. അപ്പോൾ, നിലവിൽ ഉൽപാദന, േസവന രംഗത്തില്ലാത്ത സ്ഥാപനം എങ്ങനെ ഓഫ്സെറ്റ് പങ്കാളിയാവുമെന്ന ചോദ്യം പ്രസക്തമാകുന്നു. 

36 റഫാൽ വിമാനങ്ങൾ ഉടനെ വാങ്ങുന്നതു സംബന്ധിച്ച് പുതിയ കരാറുണ്ടാക്കുന്നതിനു തീരുമാനിച്ചതായി ഇന്ത്യ, ഫ്രഞ്ച് സർക്കാരുകൾ 2015 ഏപ്രിൽ 10നാണ് സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. എന്നാൽ, ഇതിന് 2015 മേയ് 13നാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയതെന്ന് രേഖ വ്യക്തമാക്കുന്നു. അതായത്, വിദേശ സർക്കാരുമായി ധാരണയുണ്ടാക്കിയശേഷം മാത്രമാണ് വിഷയം 3 സേനകളുടെയും മേധാവികളും പ്രതിരോധ സെക്രട്ടറിയും മറ്റും അംഗങ്ങളായ കൗൺസിലിന്റെ പരിഗണനയ്ക്കു വരുന്നത്.

126 പോർ വിമാനങ്ങൾ വാങ്ങാൻ ആലോചന തുടങ്ങിയത് 2001 ലാണെങ്കിലും നടപടികൾ നീണ്ടപ്പോൾ ശത്രുരാജ്യങ്ങൾ വലിയ തോതിൽ ശേഷി വർധിപ്പിച്ചെന്നും സർക്കാർ രേഖയിൽ പറയുന്നു. പ്രധാനമായും ചൈനയെ ഉദ്ദേശിച്ചാണ് ഈ പരാമർശം. 2010–15 ൽ ശത്രുരാജ്യങ്ങൾ നാനൂറിലേറെ പോർവിമാനങ്ങൾ (ഇരുപതിലേറെ സ്ക്വാഡ്രൻ) വാങ്ങിയെന്നതും കരാറിനുള്ള അടിയന്തര സാഹചര്യമായി വിശദീകരിക്കുന്നു.