Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: ഉറപ്പ് നൽകാതെ ഫ്രഞ്ച് സർക്കാർ; കരാർ ലംഘിച്ചാൽ നടപടിക്ക് പാടുപെടും

KTM_2ND_P01.indd

ന്യൂഡൽഹി∙ വ്യവസ്ഥകൾ പാലിക്കപ്പെടുമെന്നു ഫ്രഞ്ച് സർക്കാർ ഉറപ്പുനൽകാത്തപ്പോൾ പിന്നെന്തിനാണ് റഫാൽ വിമാന ഇടപാടു സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും സർക്കാർ തലത്തിൽ കരാറുണ്ടാക്കിയത്? കരാറിൽ അഴിമതിയാരോപിക്കുന്നവർക്കു മാത്രമല്ല, പ്രതിരോധ, നിയമ മന്ത്രാലയങ്ങൾക്കും ഈ സംശയമുണ്ടായെന്നാണു സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്.

സോവറിൻ ഗ്യാരന്റി

കരാറനുസരിച്ചുള്ള യുദ്ധവിമാനങ്ങളും അനുബന്ധ സേവനങ്ങളും ലഭ്യമാക്കപ്പെടുമെന്നും കരാർ പൂർണമായി പാലിക്കപ്പെടുമെന്നുമാണു ഫ്രഞ്ച് സർക്കാർ നൽകേണ്ടിയിരുന്ന ഉറപ്പ് അഥവാ സോവറിൻ ഗ്യാരന്റി. അതു പറ്റില്ലെന്നു ഫ്രഞ്ച് സർക്കാർ നിലപാട് എടുത്തു.

കരാറിനെക്കുറിച്ചു ചർച്ച നടന്നപ്പോൾ പ്രതിരോധ മന്ത്രാലയം നിയമന്ത്രാലയത്തോടു രേഖാമൂലം ചോദിച്ചു: സോവറിൻ ഗ്യാരന്റി ഇല്ലാത്തപ്പോൾ ഇതിനെ സർക്കാരുകൾ തമ്മിലുള്ള കരാറെന്ന് എങ്ങനെ വിളിക്കും? സർക്കാരുകൾ തമ്മിലാണു കരാറെങ്കിൽ സോവറിൽ ഗ്യാരന്റി 2 മുഖ്യഘടകങ്ങളിലൊന്നാണെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കരാറിനെക്കുറിച്ചു ഭാവിയിൽ തർക്കമുണ്ടായാൽ അതു സർക്കാരുകൾ തമ്മിലാണു പരിഹരിക്കേണ്ടത് എന്നതായിരുന്നു രണ്ടാമത്തെ ഘടകം. ഈ വ്യവസ്ഥയും ഫ്രഞ്ച് സർക്കാർ അംഗീകരിച്ചില്ല. പകരം, കേന്ദ്ര സർക്കാരും ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനും തമ്മിലാണു തർക്കം പരിഹരിക്കേണ്ടതെന്ന് അവർ വ്യവസ്ഥ വച്ചു. അതും മോദി സർക്കാർ അംഗീകരിച്ചു.

തടസ്സം പറഞ്ഞ് മന്ത്രാലയങ്ങൾ

രണ്ടു മുഖ്യഘടകങ്ങളുമില്ലാതെ സർക്കാരുകൾ തമ്മിൽ കരാറുണ്ടാക്കുന്നതിനെക്കുറിച്ചു പ്രതിരോധ മന്ത്രാലയം 2016 ഓഗസ്റ്റ് 23ന് നൽകിയ ഫയലിൽ, വ്യക്തമായ മറുപടി നൽകാൻ നിയമ മന്ത്രാലയം തയാറായില്ല. ഭരണതലത്തിൽ ഉചിതമായ തീരുമാനമെടുക്കുകയെന്നാണു നിയമമന്ത്രാലയം അഭിപ്രായപ്പെട്ടത്. പിറ്റേന്ന്, 2016 ഓഗസ്റ്റ് 24ന് കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി (സിസിഎസ്) യോഗം ചേർന്നു, 2 മുഖ്യ ഘടകങ്ങളുമില്ലാതെ സർക്കാരുകൾ തമ്മിലുള്ള കരാറിന് അംഗീകാരം നൽകാമെന്നു തീരുമാനിച്ചു.

സോവറിൻ ഗ്യാരന്റിയുൾപ്പെടെ ഇന്ത്യ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാൻ തങ്ങളുടെ പ്രധാനമന്ത്രി ഒപ്പുവച്ചു നൽകുന്ന ‘ലെറ്റർ ഓഫ് കംഫർട്ട്’ മതിയാവുമെന്ന ഫ്രഞ്ച് സർക്കാരിന്റെ വാദം മോദി സർക്കാർ അംഗീകരിച്ചു. കരാറിനു പിന്തുണ വ്യക്തമാക്കുന്നതാണ് ഈ കത്ത്. നിയമപരമായി നോക്കുമ്പോൾ, ഇത് സോവറിൻ ഗ്യാരന്റിക്കു തുല്യമല്ല.

കരാർ പാലിക്കപ്പെടാതിരുന്നാൽ ഈ കത്തിന്റെ അടിസ്ഥാനത്തിൽ ഫ്രഞ്ച് സർക്കാരിനെ തർക്ക പരിഹാര ഫോറത്തിലേക്കു കൊണ്ടുപോകാൻ സാധിക്കില്ല. ഈ കത്തിനെക്കുറിച്ചു കരാറിന്റെ ആമുഖത്തിൽ മാത്രമേ പരാമർശമുള്ളു, വ്യവസ്ഥകളിൽ പരാമർശമില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.