Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസ്താനയ്ക്കെതിരെ കൂടുതൽ തെളിവ്; ശർമ കോടതിയിൽ

Rakesh Asthana രാകേഷ് അസ്താന

ന്യൂഡൽഹി∙ സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ വെട്ടിലാക്കി ജോയിന്റ് ഡയറക്ടർ എ.കെ. ശർമയും കോടതിയിൽ. അസ്താനയ്ക്കെതിരെയുള്ള ആരോപണങ്ങൾ തുടക്കത്തിൽ അന്വേഷിച്ച ശർമ കേസിൽ കക്ഷിചേർന്നതു സിബിഐയിലെ കൂടുതൽ ഇടപാടുകൾ പുറത്തു കൊണ്ടുവന്നേക്കും. ഇതിനിടെ, കേസ് റദ്ദാക്കണമെന്ന അസ്താനയുടെ ഹർജി പരിഗണിക്കുന്നതു ഡൽഹി ഹൈക്കോടതി വീണ്ടും നീട്ടി. 28 വരെ അസ്താനയ്ക്കെതിരായ നടപടികൾ പാടില്ലെന്നും നിർദേശിച്ചു. 

അസ്താനയ്ക്കെതിരായ ഗുരുതരമായ കണ്ടെത്തലുകൾ മുദ്രവച്ച കവറിൽ കോടതിയെ ഏൽപ്പിക്കുമെന്ന് ശർമയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇക്കാര്യം സിബിഐയിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഏൽപ്പിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനു അന്വേഷണ ചുമതല ആർക്കെന്ന് അറിയില്ലായിരുന്നുവെന്നു മറുപടി നൽകി. എ.കെ. ശർമയ്ക്കും കുടുംബത്തിനും ഒട്ടേറെ കടലാസുകമ്പനികളിൽ പങ്കാളിത്തമുണ്ടെന്നു നേരത്തെ അസ്താന ആരോപിച്ചിരുന്നു. അസ്താനയ്ക്കാണ് ഇത്തരം കമ്പനികളിൽ പങ്കാളിത്തമെന്നും വിദേശത്തെ ഇടനിലക്കാരുമായി നടത്തിയ സംഭാഷണവും അടക്കം ശർമ കോടതിയെ ഏൽപ്പിക്കുമെന്നാണ് വിവരം. 

അസ്താനയുടെ ഹർജിയിൽ മറുപടി നൽകാൻ അടുത്തയാഴ്ച വരെ സമയം അനുവദിക്കണമെന്നു സിബിഐ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് അടക്കമുള്ള നടപടി 28 വരെ മരവിപ്പിച്ചെങ്കിലും അസ്താനയുടെ അഭിഭാഷകനെ കോടതി രൂക്ഷമായി വിമർശിച്ചു. ഹർജിയിൽ സമ്പൂർണ വാദവും അനുവദിച്ചില്ല. ആലോക് വർമയ്ക്കു പറയാനുള്ളതും കോടതിക്കു കേൾക്കണം. അദ്ദേഹത്തിനു നോട്ടിസ് അയയ്ക്കാനുള്ള നടപടി പോലും ഹർജിക്കാരുടെ അഭിഭാഷകർ ചെയ്തിട്ടില്ല. നോട്ടിസ് അയയ്ക്കാൻ കോടതി ചെലവു നൽകിയിട്ടില്ലെന്നു രേഖകളിൽ വ്യക്തമാണ്. 3 ദിവസത്തിനുള്ളിൽ ഈ നടപടി പൂർത്തിയാക്കണമെന്നും നിർദേശിച്ചു.