Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് റദ്ദാക്കൽ, റഫാൽ: റിപ്പോർട്ട് വൈകരുതെന്ന് സിഎജിക്കു കത്ത്

Rajiv-Mehrishi സിഎജി രാജീവ് മെഹർഷി

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ നോട്ട് റദ്ദാക്കലിനെയും റഫാൽ ഇടപാടിനെയും കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനു (സിഎജി) പ്രമുഖരുടെ കത്ത്. അടുത്ത മാസമാണു ശീതകാല സ‌മ്മേളനം തുടങ്ങുന്നത്.  പൊതു തിരഞ്ഞെടുപ്പു വരെ എൻഡിഎ സർക്കാരിനു ബുദ്ധിമുട്ട് ഒഴിവാക്കാൻ റിപ്പോർട്ട് വൈകിക്കുന്നതു സിഎജിയുടെ വിശ്വാസ്യത തകർക്കുമെന്ന് അവർ മുന്നറിയിപ്പു നൽകി.  സർക്കാരിൽ ഉന്നത പദവികൾ വഹിച്ചിരുന്ന 60 പേരാണു കത്തെഴുതിയിരിക്കുന്നത്.

നോട്ട് നിരോധനം

∙ പുതിയ നോട്ടുകൾ അച്ചടിക്കാൻ വേണ്ടിവന്ന ചെലവ്, സഞ്ചിതനിധിയിലേക്കു കിട്ടാവുന്ന തുക, ബാങ്കുകൾ ശേഖരിച്ച ഡേറ്റ തുടങ്ങിയവ ഓ‍ഡിറ്റിന്റെ ഭാഗമാക്കാമെന്നു മുൻ സിഎജി ശശികാന്ത് ശർമ അഭിപ്രായപ്പെട്ടിരുന്നു.  ആദായനികുതി വകുപ്പു സ്വീകരിച്ച തുടർനടപടികൾ പരിശോധിക്കാമെന്നും നോട്ട് റദ്ദാക്കലിനു പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു.

റഫാൽ ഇടപാട്

∙ ഈ വർഷം സെപ്റ്റംബറിനകം റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പരിശോധന പൂർത്തിയാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഫയലുകൾ പരിശോധിച്ചു തുടങ്ങിയിട്ടില്ല. ഓഡിറ്റ് എവിടെ വരെയെത്തിയെന്നും വ്യക്തമല്ല.

യുപിഎ–എൻഡിഎ താരതമ്യം

∙ മുൻ സർക്കാരിന്റെ കാലത്ത് 2ജി, ആദർശ്, കോമൺവെൽത്ത്, കൽക്കരി വിഷയങ്ങളിൽ സിഎജിയുടെ റിപ്പോർട്ടുകൾ ജനനിലപാട് രൂപപ്പെടുത്തുന്നതിൽ നിർണായകമായെന്നു പ്രമുഖർ പറഞ്ഞു. ഇപ്പോൾ റിപ്പോർട്ടുകൾ വൈകിക്കുന്നത് സർക്കാരിനെ സഹായിക്കാനാണെന്ന ആരോപണം ശക്തമാണ്. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുമ്പോൾ യുക്തമായ തീരുമാനമെടുക്കുന്നതിനു സിഎജി റിപ്പോർട്ട് ജനങ്ങൾക്ക് ഉപകരിക്കും– അവർ പറഞ്ഞു.

കത്ത് എഴുതിയവർ

പഞ്ചാബ് മുൻ ഡിജിപി ജൂലിയോ റിബേറോ, മുൻ ഐഎഎസ് ഉദ്യോഗസ്ഥയും പ്രമുഖ സാമൂഹിക പ്രവർത്തകയുമായ അരുണ റോയ്, പ്രസാർ ഭാരതി മുൻ മേധാവി ജവാഹർ സിർകർ, ഇറ്റലിയിലെ മുൻ സ്ഥാനപതി കെ.പി. ഫേബിയൻ തുടങ്ങിയവരുടേതാണു കത്ത്. സിഎജി പ്രതികരിച്ചിട്ടില്ല.