Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രം സമ്മതിച്ചു: റഫാൽ കരാറിന് ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരന്റി ഇല്ല

Rafale fighter jet

ന്യൂഡൽഹി∙ വ്യവസ്ഥകൾ പാലിക്കപ്പെടുന്നതു സംബന്ധിച്ച് ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരന്റി ഇല്ലാത്തതാണു റഫാൽ യുദ്ധ വിമാന കരാറെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമ്മതിച്ചു. കരാറിനെക്കുറിച്ചു കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജികളിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുൻപാകെ വാദം പൂർത്തിയായി; കേസ് വിധി പറയാൻ മാറ്റി.

ഫ്രഞ്ച് വിമാന കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു റഫാൽ വിമാനങ്ങൾ വാങ്ങുന്ന കരാറാണു വിവാദമായത്. സർക്കാരുകൾ തമ്മിലാണു കരാറെങ്കിലും വ്യവസ്ഥകൾ സംബന്ധിച്ച് ഉറപ്പു (സോവറിൻ ഗ്യാരന്റി) നൽകുന്നതിനു പകരം, ‘ലെറ്റർ ഓഫ് കംഫർട്ട്’ ഫ്രഞ്ച് സർക്കാർ നൽകിയെന്നും ഇതു സോവറിൻ ഗ്യാരന്റിക്കു തുല്യമാണെന്നും അറ്റോർണി ജനറൽ (എജി) കെ. കെ. വേണുഗോപാൽ പറഞ്ഞു.

കോടതി ആവശ്യപ്പെട്ട പ്രകാരം വായു സേനാ സഹമേധാവി എയർ മാർഷൽ അനിൽ ഖോസ്‌ലെ, ഉപമേധാവി എയർ മാർഷൽ വി.ആർ. ചൗധരി എന്നിവർ കോടതിയിൽ ഹാജരായി സേനയുടെ നിലവിലെ സായുധശേഷി സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി. പ്രതിരോധ മന്ത്രാലയ അഡീഷനൽ സെക്രട്ടറി കരാറിലെ വ്യവസ്ഥ വിശദീകരിച്ചു.