Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

125 അടിയിൽ ‘മദർ കാവേരി’ പ്രതിമ നിർമിക്കാൻ കർണാടക; വിവാദം

cauvery

ബെംഗളൂരു∙ മണ്ഡ്യയിൽ കാവേരി നദിയിലെ കൃഷ്ണരാജസാഗർ(കെആർഎസ്) അണക്കെട്ടിനു സമീപം 125 അടി ഉയരത്തിൽ ‘മദർ കാവേരി’ പ്രതിമ നിർമിക്കുമെന്നു കർണാടക സർക്കാർ. 300 ഏക്കറിലെ പദ്ധതിക്ക് ചെലവ് 1200 കോടി. അതേസമയം, പട്ടേൽ പ്രതിമ നിർമാണത്തെ എതിർത്ത കോൺഗ്രസ്–ജെഡിഎസ് സർക്കാർ സമാന പദ്ധതി കൊണ്ടുവരുന്നതിനെതിരെ ആക്ഷേപം ഉയർന്നു കഴിഞ്ഞു. 

എന്നാൽ സർക്കാർ പണം ചെലവഴിക്കില്ലെന്നും സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നുമാണു മന്ത്രിസഭയുടെ വിശദീകരണം.  ബെംഗളൂരുവിൽ നിന്നു 90 കിലോമീറ്റർ അകലെയുള്ള ടൂറിസം കേന്ദ്രമായ കെആർഎസിലേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണു ലക്ഷ്യം.  

പ്രതിമയ്ക്കു പുറമെ 360 അടി ഉയരമുള്ള രണ്ടു ഗ്ലാസ് ടവർ, മ്യൂസിയം, ഇൻഡോർ സ്റ്റേഡിയം, ചരിത്ര സ്മാരക മാതൃകകൾ എന്നിവയുമുണ്ടാകും. പ്രത്യേകം സജ്ജമാക്കുന്ന തടാകത്തിലാണ് അണക്കെട്ടിനെക്കാൾ ഉയരത്തിൽ മദർ കാവേരിയും ടവറുകളും നിർമിക്കുകയെന്നും അറിയിച്ചു. . 

തമിഴ്നാടുമായി ജല തർക്കം നിലനിൽക്കുന്നതിനാൽ കാവേരി വികാരം കന്നഡിഗരിൽ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കു പിന്നിലുണ്ട്.