Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ആവേശം പകർന്ന് മോദി, അമിത് ഷാ, രാഹുൽ ഗാന്ധി

modi-at-madhya-pradesh-election-rally മധ്യപ്രദേശിലെ ഷാഹ്ഡോളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദിയെ പ്രവർത്തകർ സ്വീകരിക്കുന്നു.

ഭോപാൽ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ മധ്യപ്രദേശിൽ. ഷാഹ്ഡോളിൽ റാലിയിൽ പങ്കെടുത്ത മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. ‘4 വർഷത്തെ ചായക്കാരന്റെ ഭരണം പരിശോധിക്കണമെന്ന് അവർ പറയുന്നു. പരിശോധിക്കണം എന്നു തന്നെയാണു ഞാനും പറയുന്നത്. പക്ഷേ 55 വർഷത്തെ കോൺഗ്രസ് ഭരണവും പരിശോധിക്കണം’- അദ്ദേഹം പറഞ്ഞു. ഗരീബി ഹട്ടാവോ (ദാരിദ്ര്യം നിർമാർജനം ചെയ്യൂ) എന്നായിരുന്നു എഴുപതുകളിൽ കോൺഗ്രസിന്റെ മുദ്രാവാക്യം. പക്ഷേ ഒന്നും ചെയ്യാൻ അവർക്കായില്ല. രാജ്യത്തെ മുഴുവൻ ദരിദ്രർക്കും ഇന്ന് 4 വർഷത്തിനുള്ളിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിട്ടുണ്ട്. എൽപിജി കണക്​ഷൻ ലഭിച്ചു. നുണകളുടെ രാജാക്കന്മാരാണ് കോൺഗ്രസ് എന്നും പറച്ചിലും പ്രവൃത്തിയും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

തലയണക്കടിയിലുള്ള പണം ബാങ്കുകളിലേക്ക് കൊണ്ടുവന്നതു തെറ്റാണോ എന്നു മോദി ചോദിച്ചു. സാധാരണക്കാരല്ല, അനധികൃതമായി പണം സമ്പാദിച്ച കോൺഗ്രസുകാരാണ് നോട്ടുനിരോധനത്തിനു ശേഷം കരയുന്നത്. നോട്ടുനിരോധനം തുടക്കത്തിൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അതിനു ക്ഷമാപണം നടത്തുകയും ചെയ്തു. രാജ്യത്തെ സമ്പന്നരുടെ വായ്പയ്ക്ക് ഇളവു നൽകാൻ മോദിക്ക് പറ്റുമെങ്കിൽ എന്തുകൊണ്ട് പാവപ്പെട്ടവരുടെ കടം എഴുതിത്തള്ളുന്നില്ലെന്ന് ദെറോയിലെ പടുകൂറ്റൻ റാലി ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി ചോദിച്ചു. മധ്യപ്രദേശിലെ ആരോഗ്യ- വിദ്യാഭ്യാസരംഗം അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണെന്നും രാഹുൽ പറഞ്ഞു. വ്യാപം അഴിമതി മധ്യപ്രദേശ് കണ്ട ഏറ്റവും വലിയ തട്ടിപ്പാണ്. 50 പേരുടെ ജീവനും വ്യാപം എടുത്തു. വൻകിട വ്യവസായികൾക്കായി കൃഷിഭൂമി തട്ടിയെടുക്കുകയാണ്. ഭൂമി ഏറ്റെടുക്കൽ നിയമം മധ്യപ്രദേശിലില്ല. ആദിവാസികളും കർഷകരുമാണ് സർക്കാരിന്റെ ക്രൂരതയ്ക്ക് ഇരയെന്നും അദ്ദേഹം പറഞ്ഞു.

ഭരണകാലത്ത് രാജ്യത്തിന്റെ സുരക്ഷ കോൺഗ്രസിന്റെ പരിഗണനയിലില്ലായിരുന്നുവെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. മൻമോഹൻ സിങ് ഭരിക്കുമ്പോൾ പാക്ക് ഭീകരർ ഇന്ത്യയിൽ ബോംബിട്ട് മടങ്ങിപ്പോകുകയായിരുന്നു. ഉറിയിൽ 2016ൽ 18 ഇന്ത്യൻ പട്ടാളക്കാരെ പാക്കിസ്ഥാൻ കൊന്നു. രാജ്യം മൊത്തം വേദനിച്ചു. മോദിയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ തിരിച്ചടിച്ചു. വോട്ടുബാങ്ക് മാത്രം നോക്കി രാജ്യസുരക്ഷ നോക്കാത്ത ഭരണമായിരുന്നു കോൺഗ്രസിന്റേതെന്നും അമിത് ഷാ പറഞ്ഞു.