Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: പദ്ധതി മുടങ്ങിയാൽ നഷ്ടപരിഹാരം തുച്ഛം

Rafale Jet fighter

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാട് മുടങ്ങിയാൽ നഷ്ടപരിഹാരമായി ഡാസോ ഏവിയേഷനിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കുക കരാർ തുകയുടെ രണ്ടര ശതമാനം. 36 വിമാനങ്ങൾക്കായി 60,000 കോടി ചെലവിടുമ്പോഴാണ്, നഷ്ടപരിഹാരമായി 1500 കോടി രൂപ മാത്രം ലഭിക്കാൻ വ്യവസ്ഥയുള്ളത്. ഈ തുകയ്ക്കുള്ള ബാങ്ക് ഗാരന്റി റഫാൽ നിർമാതാക്കളായ ഡാസോ കൈമാറിയതായാണു വിവരം. 7 വർഷത്തേക്കാണു ഗാരന്റിയുടെ സാധുത. 2016 ൽ കരാറൊപ്പിട്ടതിനാൽ, 2023 വരെ പദ്ധതി നടത്തിപ്പിൽ വീഴ്ചയുണ്ടായാൽ, ഇന്ത്യയ്ക്ക് ഈ തുക ഈടാക്കാം. ബാക്കി തുക തിരിച്ചുപിടിക്കണമെങ്കിൽ ജനീവയിലെ രാജ്യാന്തര കോടതിയിൽ നിയമപോരാട്ടം നടത്തേണ്ടി വരും. 2022 നുള്ളിൽ 36 വിമാനങ്ങളും നൽകാമെന്നാണു ഡാസോ നൽകിയിട്ടുള്ള ഉറപ്പ്.

2013 ലെ പ്രതിരോധ ചട്ടത്തിന്റെ (ഡിപിപി) അടിസ്ഥാനത്തിലാണു ബാങ്ക് ഗാരന്റി നിശ്ചയിച്ചത്. ഫ്രഞ്ച് സർക്കാരിനു പകരം, സ്വകാര്യ കമ്പനിയായ ഡാസോയുമായി കരാറുണ്ടാക്കുന്നതിൽ കേന്ദ്ര നിയമമന്ത്രാലയം നേരത്തേ എതിർപ്പറിയിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി ജനീവയിലെ കോടതിയിലേക്കു മാറ്റുന്നതിനെതിരെ നിയമ മന്ത്രാലയം മുന്നറിയിപ്പു നൽകിയതു സംബന്ധിച്ച രേഖകളും പുറത്തുവന്നു. നിയമ നടപടികൾ ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റിയാൽ, ഇന്ത്യൻ ആർബിട്രേഷൻ ആൻഡ് കൺസീലിയേഷൻ ആക്ടിലെ (1996) ചട്ടങ്ങൾ ബാധകമാക്കാനാവില്ലെന്നും അതു ദോഷം ചെയ്യുമെന്നും 2015 ഡിസംബർ 11നു നിയമമന്ത്രാലയം ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല.