Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയിലും ബംഗാളിലും സിബിഐക്കു വിലക്ക്

Chandrababu Naidu ചന്ദ്രബാബു നായിഡു

അമരാവതി/കൊൽക്കത്ത∙ സിബിഐയ്ക്ക് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള പ്രവർത്തനാനുമതി ആന്ധ്രാപ്രദേശ്, ബംഗാൾ സർക്കാരുകൾ പിൻവലിച്ചു. സംസ്ഥാന സർക്കാരിനു കീഴിലുള്ള വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് ഇനി സിബിഐ അനുമതി വാങ്ങേണ്ടി വരും. എന്നാൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്കെതിരെയുള്ള അന്വേഷണത്തിന് ഇത് ആവശ്യമില്ല.

സിബിഐയ്ക്കെതിരെ സമീപകാലത്തുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണു തീരുമാനമെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ആന്ധ്ര ഉപമുഖ്യമന്ത്രി എൻ. ചിനരാജപ്പ പറഞ്ഞു. അഭിഭാഷകരുടെയും ബുദ്ധിജീവികളുടെയും ഉപദേശപ്രകാരമാണിത്. കർണാടകയിലും ഇതുപോലെ അനുമതി നിഷേധിച്ചിട്ടുണ്ട്– അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ നിർദേശപ്രകാരമാണ് സിബിഐ പ്രവർത്തിക്കുന്നതെന്നും അവരുടെ വിശ്വാസ്യത നഷ്ടപ്പട്ടുവെന്നും മമത ബാനർജി പറഞ്ഞു.

ബിജെപി സഖ്യം അവസാനിപ്പിച്ചു കോൺഗ്രസുമായി കൂട്ടൂകൂടിയ ചന്ദ്രബാബു നായിഡുവിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷണങ്ങൾ നടത്താൻ നീക്കമുണ്ടായിരുന്നു. ആദായനികുതി വകുപ്പ് ഈയിടെ നായിഡുവുമായും തെലുങ്കുദേശവുമായും ബന്ധമുള്ള ചില കമ്പനികളിൽ റെയ്ഡ് നടത്തി. പിന്നാലെ, ആദായ നികുതി ഉദ്യോഗസ്ഥർക്ക് പൊലീസ് നൽകുന്ന സുരക്ഷ സംസ്ഥാന സർക്കാർ ഒഴിവാക്കി.

1946ലെ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ളിഷ്മെന്റ് നിയമമനുസരിച്ചാണ് സിബിഐ പ്രവർത്തനം. ഈ നിയമത്തിലെ 6ാം വകുപ്പനുസരിച്ച്, ഏതു സംസ്ഥാനത്ത് കേസ് അന്വേഷണം നടത്തണമെങ്കിലും സംസ്ഥാന സർക്കാരിന്റെ അനുമതി വേണം. ഉത്തരവിലൂടെ സംസ്ഥാന സർക്കാർ പൊതു അനുമതി നൽകുകയാണ് രീതി. ഈ അനുമതിയാണ് ഇപ്പോൾ ബംഗാൾ, ആന്ധ്ര സർക്കാരുകൾ പിൻവലിച്ചത്.

related stories