Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതി: ആലോക് വർമയ്ക്കെതിരെ തെളിവുകൾ കിട്ടിയില്ലെന്ന് സൂചന

alok-verma ആലോക് വർമ

ന്യൂഡൽഹി∙ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കപ്പെട്ട ആലോക് വർമയ്ക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മിഷൻ (സിവിസി) നടത്തിയ അന്വേഷണത്തിൽ അഴിമതിയാരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്ന് സൂചന. സിവിസി അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്കു നൽകിയിരുന്നു. ഇതിന് ആലോക് വർമ ഇന്ന് മറുപടി നൽകും. ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയതു ചോദ്യം ചെയ്ത് വർമ നൽകിയ ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും.

സിവിസിയുടെ ചില കണ്ടെത്തലുകളിൽ വളരെ അനുകൂലമാണെങ്കിൽ ചിലതു തീർത്തും പ്രതികൂലമാണെന്നു കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൊത്തം 11 ആരോപണങ്ങളിൽ മിക്കതും തെളിയിക്കാനായില്ലത്രേ. കേന്ദ്ര കാബിനറ്റ് സെക്രട്ടറി കേന്ദ്ര വിജിലൻസ് കമ്മിഷനു കൈമാറിയ പരാതിയിൽ ആലോക് വർമയ്ക്കെതിരെയുള്ള ആരോപണങ്ങൾ ഇവയായിരുന്നു:

∙മൊയീൻ ഖുറേഷിയുടെ കേസിൽ തുടർനടപടികൾ ഒഴിവാക്കാൻ സതീഷ് ബാബു സനയിൽനിന്ന് 2 കോടി രൂപ കൈക്കൂലി വാങ്ങി.

∙റെയിൽവെ കേറ്ററിങ് വിഭാഗമായ ഐആർസിടിസിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ നിന്നു രാകേഷ് സക്സേനയെ ഒഴിവാക്കാൻ ശ്രമിച്ചു. റെയിൽവേ മുൻമന്ത്രി ലാലു പ്രസാദിന്റെ വീട്ടിൽ പരിശോധന നടത്താനുള്ള അനുമതി വൈകിപ്പിച്ചു.

എന്നാൽ, റെയ്ഡ് വൈകിപ്പിക്കാൻ ആലോക് വർമ ശ്രമിച്ചിട്ടില്ലെന്ന് കേസിന്റെ ചുമതലയുണ്ടായിരുന്ന ജോയിന്റ് ഡയറക്ടർ വിനീത് വിനായക് സിവിസിക്കു മൊഴി നൽകിയിരുന്നു. കൈക്കൂലി വാങ്ങിയെന്നു തെളിയിക്കാൻ സിവിസിക്കു സാധിച്ചിട്ടില്ലെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു.