Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വഴക്കുണ്ടാകുമ്പോൾ സ്ത്രീകൾ മാനഭംഗക്കേസ് കൊടുക്കുന്നു’ ഹരിയാന മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമർശം

Manohar Lal Khattar മനോഹർ ലാൽ ഖട്ടർ

ചണ്ഡീഗഡ്∙ മാനഭംഗക്കേസുകളിൽ ഭൂരിഭാഗവും വഴക്കുണ്ടാകുമ്പോൾ സ്ത്രീകൾ ഉന്നയിക്കുന്ന ആരോപണമാണെന്ന ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം പൊതുചടങ്ങിലാണു സംസ്ഥാനത്തു മാനഭംഗക്കേസുകൾ വർധിക്കുന്നതായുള്ള വാർത്തകളോടു പ്രതികരിക്കുന്നതിനിടെ മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. ഖട്ടർ പറഞ്ഞതിങ്ങനെ: ‘80–90 ശതമാനം സ്ത്രീപീഡനങ്ങളും നടക്കുന്നത് പരസ്പരം അറിയാവുന്നവർക്കിടയിലാണ്. ഏറെനാൾ അടുത്തുപരിചയമുള്ള സ്ത്രീക്കും പുരുഷനുമിടയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ മാനഭംഗപ്പെടുത്തിയെന്ന ആരോപണമുന്നയിച്ച് സ്ത്രീകൾ ഉടനടി പൊലീസിൽ പരാതി നൽകുന്നു.

മാനഭംഗക്കേസുകൾ പണ്ടത്തെപ്പോലെ തന്നെയാണ് ഇപ്പോഴുമുള്ളത്. ഇപ്പോൾ കൂടുതൽ ശ്രദ്ധനേടുന്നുവെന്നുമാത്രം’. ഖട്ടർ‌ സർക്കാരിന്റെ സ്ത്രീവിരുദ്ധ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. മുഖ്യമന്ത്രി തന്നെ ഇങ്ങനെ പ്രതികരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകൾ എന്തു സുരക്ഷയാണു പ്രതീക്ഷിക്കേണ്ടതെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ചോദിച്ചു. അതേസമയം, പഠനങ്ങളിൽ കണ്ടെത്തിയ വസ്തുതകളാണു താൻ പറഞ്ഞതെന്ന് ഖട്ടർ വിശദീകരിച്ചു. പരിചയമുള്ളവർക്കിടയിലാണു ലൈംഗിക അതിക്രമം കൂടുതലും നടക്കുന്നത് എന്നു മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.