Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് നിരോധനം ബിജെപിയുടെ അത്യാഗ്രഹം: യശ്വന്ത് സിൻഹ

Yashwant Sinha യശ്വന്ത് സിൻഹ (ഫയൽ ചിത്രം)

കൊച്ചി ∙ നോട്ട് നിരോധനം ബിജെപി സർക്കാരിന്റെ അത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നുവെന്നു മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ ആരോപിച്ചു. പ്രഫഷനൽസ് കോൺഗ്രസ് സംഘടിപ്പിച്ച ‘ഹോട്ട് സീറ്റ്’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.  വിനിമയത്തിലുണ്ടായിരുന്ന 3–4 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തില്ലെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. അപ്പോൾ അത്രയും പണം റിസർവ് ബാങ്ക് സർക്കാരിനു നൽകേണ്ടിവരും. ഇൗ പണം ഉപയോഗിച്ചു ബിജെപി ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ വിനിമയത്തിലുണ്ടായിരുന്ന പണം അത്രയും തിരിച്ചെത്തിയതോടെ നോട്ട് നിരോധനം പരാജയപ്പെട്ടു.

അഴിമതി, കള്ളപ്പണം, തീവ്രവാദപ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളനോട്ട് – ഇതെല്ലാം ഇല്ലാതാവുമെന്നായിരുന്നു നോട്ട് നിരോധനത്തിന്റെ പ്രയോജനമായി പറഞ്ഞത്. ഇതൊന്നും നടപ്പായില്ലെന്നു മാത്രമല്ല, രാജ്യത്തിന്റെ സമ്പദ് ‌വ്യവസ്ഥയെത്തന്നെ അതു തകർത്തു. ചെറുകിട, ഇടത്തരം വ്യവസായങ്ങളും വ്യാപാരങ്ങളും തകർന്നു. ഏതാനും കോർപ്പറേറ്റുകളുടെ കണക്കുകളെ മാത്രം അടിസ്ഥാനപ്പെടുത്തി തയാറാക്കുന്ന വളർച്ചാ കണക്കുകളൊന്നും യാഥാർത്ഥ്യ ബോധത്തോടെയുള്ളതല്ല. തകർന്നുപോയ മേഖലകൾ ആ കണക്കുകളിൽ പ്രതിഫലിക്കുന്നില്ല.

കർഷകരുടെ വരുമാനം 2019ൽ ഇരട്ടിയാക്കുമെന്നു പ്രഖ്യാപിച്ചത് ഇപ്പോൾ 2022 എന്നാക്കി മാറ്റി. കാർഷിക വിളകൾക്കു താങ്ങുവില നിശ്ചയിച്ചെങ്കിലും അതു സമയത്തു കിട്ടാത്തതുമൂലം കുറഞ്ഞവിലയ്ക്കു കർഷകർ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ വിറ്റഴിക്കേണ്ടിവരുന്നു. കാർഷിക മേഖലയെയും കർഷകരെയുമാണു നിരോധനം ഏറ്റവും ഗുരുതരമായി ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ്, എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽഗഫൂർ, കെ. എസ്. ശബരീനാഥ് എംഎൽഎ, പ്രഫഷനൽസ് കോൺഗ്രസ് സെക്രട്ടറി സുധീപ് മോഹൻ എന്നിവർ പങ്കെടുത്തു. പ്രഫഷനൽസ് കോൺഗ്രസ് പ്രസിഡന്റ് ഡോ. മാത്യു കുഴൽനാടൻ മോഡറേറ്ററായി.